കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വാർഡ് ഒന്നിൽ തട്ടത്തുമല ലക്ഷം വീട് പുനഃരുദ്ധാരണത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ ന്യൂ ലൈഫിൽ ഉൾപ്പെടുത്തി ലക്ഷം വീട് നവീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് 2020 -21 വാർഷിക പദ്ധതിയിലാണ് 40 ലക്ഷം രൂപയുടെ അംഗീകാരം ലഭിച്ചത്. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായാണ് നടപ്പിലാക്കുന്നത്. പദ്ധതി നടത്തിപ്പിനായി 2019-20 വർഷത്തിൽ ഗുണഭോക്താക്കളുടെ ലിസ്റ്റിന് ഗ്രാമസഭ അംഗീകാരം നൽകിയിരുന്നു. ആദ്യഘട്ടം 20 വീടുകളാണ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
തുടർന്ന് ശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കും. ഒരു വീടിന് 2 ലക്ഷം രൂപയാണ് നവീകരണത്തിനായി നൽകുന്നത്. എസ്.സി വിഭാഗം 10 വീടുകളും, ജനറൽ വിഭാഗം 10 വീടുകളും ആദ്യഘട്ടം നവീകരിക്കും. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 40 ശതമാനം ജില്ലാ പഞ്ചായത്ത് 40ശതമാനം ബ്ലോക്ക് പഞ്ചായത്ത് 20 ശതമാനം എന്ന ക്രമത്തിലാണ് തുക വകയിരുത്തിയിരിക്കുന്നതെന്ന് വാർഡ് മെമ്പർ ജി.എൽ. അജീഷ് അറിയിച്ചു. . 2005-2010 ഭരണകാലയളവിലാണ് തട്ടത്തുമല ലക്ഷം വീട് ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കിയിരുന്നു. വരുന്ന ആഴ്ചയിൽ പദ്ധതി നിർവഹണം ആരംഭിക്കുമെന്നും വാർഡ് മെമ്പർ പറഞ്ഞു.