മലയിൻകീഴ്: വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ഉച്ചയ്ക്ക് ശേഷം ആശുപത്രി പ്രവർത്തനരഹിതമാണെന്നാണ് നാട്ടുകാരുടെ പരാതി. സ്റ്റാഫ് നഴ്സിന്റെ ഒഴിവ് ഇതുവരെയും നികത്തിയിട്ടില്ല. ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ച് 60 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും എൻ.ആർ.എച്ച്.എം വഴിയുള്ള 5 നഴ്സുമാരാണുള്ളത്. ഇവരിലൊരാൾ ഫസ്റ്റ് ലൈൻ സെന്ററിൽ ഡ്യൂട്ടിക്ക് പോകുന്നുണ്ട്. വിളപ്പിൽ, മലയിൻകീഴ്, വിളവൂർക്കൽ, കാട്ടാക്കട, വെള്ളനാട് എന്നീ സ്ഥലങ്ങളിലുള്ളവർ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. ആശുപത്രിയുടെ പുതിയ ബഹുനിലമന്ദിരം 6 വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത അവസരത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ഉടൻ നിയമിക്കുമെന്ന് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതിനാൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടാറുണ്ടെന്നും പരാതിയുണ്ട്. അധികൃതരുടെ അനാസ്ഥയാണ് ജില്ലയിലെ മികച്ച ആശുപത്രിയുടെ പട്ടികയിൽ ഇടംനേടിയ വിളപ്പിൽശാല കമ്മ്യൂണിറ്റി സെന്ററിന്റെ ശനിദശയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.