chitti
ചിട്ടി

കണ്ണൂർ: സ്വകാര്യ ചിട്ടി കമ്പനികൾക്ക് മൂക്കു കയറിടാൻ രജിസ്ട്രേഷൻ വിഭാഗം ഒരുങ്ങുന്നു. റിസർവ് ബാങ്കിന്റെ നിർദേശത്തെ തുടർന്ന് എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും വായ്പാ തിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിട്ടി കമ്പനികളും ഇത് പാലിക്കാനാണ് രജിസ്ട്രേഷൻ വകുപ്പിന്റെ നിർദേശം. ചട്ടങ്ങൾ പാലിക്കാത്ത അനധികൃത ചിട്ടി കമ്പനികൾ ഏറെയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

സ്വർണപണയ വായ്പ, ഭവനവായ്പ, വാഹനവായ്പ, മറ്റു വായ്പകൾ, ചിട്ടി എന്നിവയുടെ തിരിച്ചടവ് തത്ക്കാലം നിർത്തിവയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതോടൊപ്പം ലേല നടപടികളും പൂർണമായും നിർത്തിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതോടെ മലയോരത്തും മറ്റും പ്രവർത്തിക്കുന്ന ചിട്ടി കമ്പനികൾക്ക് പിടിച്ചു നിൽക്കാൻ പറ്റാത്ത നിലയിലായി.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേന്ദ്ര ചിട്ടി നിയമം 1982 കേരളത്തിലും പ്രാബല്യത്തിലുണ്ടെന്നും അനധികൃത ചിട്ടികൾ നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ രജിസ്ട്രാർമാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. കേന്ദ്ര ചിട്ടി നിയമപ്രകാരം അനുമതികൂടാതെ ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റേതെങ്കിലും രേഖകളോ പുറപ്പെടുവിക്കാൻ പാടുള്ളതല്ല. എന്നാൽ ചില സ്വകാര്യ ചിട്ടി കമ്പനികൾ ഇപ്രകാരം അനുമതിയില്ലാതെ മോഹനവാഗ്ദാനങ്ങൾ നൽകി പത്രമാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടതൊടെയാണ് മുന്നറിയിപ്പ് നൽകിയത്.

എല്ലാം നിയമ വിധേയം

കേരള ചിറ്റ് ഫണ്ട്‌സ് റൂളിന്റെ അടിസ്ഥാനത്തിലാണ് ചിട്ടികളുടെ പ്രവർത്തനം. 1982ലെ കേന്ദ്ര ചിട്ടി നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനികൾക്ക് മാത്രമാണ് ചിട്ടി നടത്തുന്നതിനുള്ള മുൻകൂർ അനുമതി. ഈ കമ്പനികൾ നടത്തുന്ന ചിട്ടികളുടെ വിശദവിവരങ്ങൾ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഓഫീസുകളിലും സഹകരണസംഘങ്ങളുടെ ഓഫീസിലും പ്രദർശിപ്പിക്കും.