കരിവെള്ളൂർ: അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച കരിവെള്ളൂർ എ.വി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ മൂന്നുനില കെട്ടിടം ഇന്നു രാവിലെ പതിനൊന്നിന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
എട്ടു കോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ, വിശാലമായ അസംബ്ലി ആക്ടിവിറ്റി ഏരിയ, ലാബ്, ഇൻബ്ലോക്ക് ടോയ് ലറ്റ് സൗകര്യങ്ങൾ, ഓഫീസ്, സ്റ്റാഫ് റൂം, വിസിറ്റേഴ്സ് ലോബി എന്നീ സൗകര്യങ്ങളും കുട്ടികൾക്ക് ഇരിക്കാൻ സൗകര്യപ്രദമായ കസേരകളും ഡബിൾ ഡസ്ക്കുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
രാവിലെ പത്തിന് സ്കൂളിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ സി. കൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കും.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയാകും. സ്കൂൾ കാമ്പസിനകത്ത് മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി പരിപാടി ലൈവ് ടെലികാസ്റ്റ് വഴി കാണാനും കുട്ടികൾക്ക് വീട്ടിലിരുന്ന് പരിപാടി ലൈവായി കാണാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കാമ്പസിലേക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഉത്പാദിപ്പിക്കാൻ പര്യാപ്തമായ റുഫ് ടോപ്പ് മിനി സോളാർ നിലയവും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.