തൃക്കരിപ്പൂർ: പ്ലാസ്റ്റിക് ഷീറ്റിന്റെ തണലിൽ വെയിലിലും മഴയിലും കഴിഞ്ഞിരുന്ന എടാട്ടുമ്മലിലെ പി.പി. ചിരുതമ്മയ്ക്കും മകൾക്കും ഇനി സ്വസ്ഥമായി ഉറങ്ങാം. സി.പി.എം തൃക്കരിപ്പൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവർക്ക് അന്തിയുറങ്ങാൻ വീട്‌നിർമ്മാണം പൂർത്തിയാക്കി. താക്കോൽ കൈമാറ്റം ഇന്ന് മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ നിർവഹിക്കും. ലോക്കലിൽ ഒരു വീട് എന്ന സി.പി.എമ്മിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് തൃക്കരിപ്പൂർ നോർത്ത് ലോക്കൽ കമ്മിറ്റി നാട്ടുകാരുടെ സഹകരണത്തോടെ വീട് നിർമ്മിച്ചത്. പഞ്ചായത്ത് ഭവനപദ്ധതിയ്ക്ക് നിരവധി തവണ അപേക്ഷ കൊടുത്തെങ്കിലും പല കാരണങ്ങൾ കൊണ്ട് തള്ളി പോവുകയായിരുന്നു. തുടർന്നാണ് സി.പി.എം ആ ദൗത്യം ഏറ്റെടുത്തത്.