കാസർകോട്: അറ്റകുറ്റ പണികൾക്കായി ബേക്കൽ പാലം ഒരു മാസത്തേക്ക് അടച്ചിട്ടതോടെ കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗത കുരുക്ക്. കാഞ്ഞങ്ങാട് നിന്ന് കാസർകോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കൽ ജംഗ്ഷനിൽ നിന്ന് തച്ചങ്ങാട്, മുദിയക്കാൽ വഴി പാലക്കുന്നിലെ റെയിൽവേ ഗേറ്റ് കടന്ന് കെ.എസ്.ടി.പി റോഡിലൂടെയും കാസർകോട് നിന്ന് തെക്കോട്ടേക്കുള്ള വാഹനങ്ങൾ പാലക്കുന്ന് വഴി ബേക്കൽ ജംഗ്ഷനിലെത്തിയും യാത്ര തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു.
ഇതോടെ ബുദ്ധിമുട്ടിലായത് പാലക്കുന്നിലെ കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡരികിൽ കഴിയുന്ന വീട്ടുകാരും വ്യാപാരികളുമാണ്. തച്ചങ്ങാട് മുതലുള്ള റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തിയതാണെങ്കിലും കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗം ഇടുങ്ങിയതാണ്.
ഇരുഭാഗത്തും മണ്ണിട്ട് നിറക്കാതെ തച്ചങ്ങാട് മെക്കാഡം റോഡ് പണി പൂർത്തിയാക്കിയത് കാരണം അപകട സാദ്ധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
ചന്ദ്രഗിരി -കാഞ്ഞങ്ങാട് വഴി ഓടുന്ന വാഹനങ്ങളും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും കൂടിയായതോടെ ഗതാഗത കുരുക്ക് ഏറെയാണ്. അതിന് പുറമെയാണ് തീവണ്ടി കടന്ന് പോകാൻ ഗേറ്റ് അടച്ചിടേണ്ടി വരുമ്പോൾ പതിവായുള്ള വാഹന കുരുക്കും. ട്രെയിൻ കടന്നുപോകാൻ വേണ്ടി ഗേറ്റ് അടക്കാനുള്ള മുന്നറിയിപ്പുകൾ ഗൗനിക്കാതെ ഓടിച്ചുവന്ന വാഹനങ്ങൾ കുരുങ്ങിയപ്പോൾ ആദ്യ ദിവസം തന്നെ ഗേറ്റ് അടക്കാൻ ജീവനക്കാർ പാടുപെട്ടു. മംഗളൂരു-കൊച്ചി വാതക, ഇന്ധന ടാങ്കറുകൾ അടക്കം ചരക്ക് വാഹനങ്ങളെല്ലാം ഇരുദിശകളിലേക്കും പോകുമ്പോൾ കാൽനട യാത്രയും ദുസ്സഹമാണ്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുള്ള ചരക്കു വാഹനങ്ങൾ കെ.എസ്.ടി.പി റോഡിൽ പ്രവേശിക്കാതെ ഹൈവേയിലൂടെയും കാസർകോട് ഭാഗത്ത് നിന്നുള്ളവ കളനാട് നിന്ന് ഹൈവേയിൽ പ്രവേശിച്ചും യാത്ര തുടർന്നാൽ പ്രശ്നം പരിഹരിക്കാം.
നാട്ടുകാർ