പാറപ്പള്ളി: അറ്റകുറ്റപ്പണിയ്ക്ക് കൊടുത്ത സൈക്കിൾ തിരിച്ചു കിട്ടാത്തതോടെ പൊലീസിനെ വിളിച്ച് കരഞ്ഞ പത്തുവയസുകാരന് ഒടുവിൽ കിട്ടിയത് പുത്തൻ സൈക്കിൾ. പാറപ്പള്ളി അമ്പലത്തറയിലെ മുഹമ്മദ് അമീർ മുസ്തഫയെന്ന നാലാം ക്ലാസുകാരനാണ് കഥാ നായകൻ.
കൊവിഡ് വ്യാപനത്തിന് മുൻപ് അമ്പലത്തറയിലെ ഖലീലിന്റെ കടയിൽ സൈക്കിളും 150 രൂപയും ഏൽപ്പിച്ചിരുന്നു. നാട്ടിലെ രോഗ വ്യാപനത്തോടെ സൈക്കിൾ വാങ്ങാനും കഴിഞ്ഞില്ല. ഇടയ്ക്ക് റിപ്പയർ കടക്കാരനെ വിളിച്ചപ്പോൾ ഒരാഴ്ച കഴിഞ്ഞു തരാമെന്നായി. എന്നാൽ പിന്നീട് ബന്ധപ്പെട്ടപ്പോൾ സൈക്കിളില്ല, താൻ ആ പണി നിർത്തിയെന്നായിരുന്നു മറുപടി. സങ്കടമടക്കാൻ കഴിയാതായതോടെ കുട്ടി അമ്പലത്തറ പൊലീസിനെ ഫോൺ ചെയ്ത് കാര്യം പറഞ്ഞു.
പത്തു വയസിൽ താഴെയുള്ളവർ വീടിന് പുറത്ത് പോകരുതെന്ന നിർദ്ദേശമുള്ളതിനാൽ ഫോണിൽ പരാതി അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ ഭാസ്കരൻ പരിഹാരം ഉണ്ടാകുമെന്നും ഉറപ്പ് നൽകി. ഈ കഥ അറിഞ്ഞാണ് കാസർകോട് ഡെയ്ലി റൈഡേഴ്സ് ക്ലബ്ബ് കുട്ടിക്ക് പുത്തൻ സൈക്കിൾ നൽകിയത്. റൈഡേഴ്സ് ക്ലബ്ബ് പ്രവർത്തകരായ മൊയ്തീൻഹാജി പൊയിനാച്ചി, അൻസാരി മീത്തൽ, പി.വി റിഷാദ് എന്നിവർ അമ്പലത്തറ എസ്.ഐ മൈക്കിൾ, രാജൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സൈക്കിൾ കൈമാറിയത്.