കണ്ണൂർ: അടിയ്ക്ക് തിരിച്ചടി എന്ന പ്രത്യയശാസ്ത്രം പരീക്ഷിച്ച കണ്ണൂർ വീണ്ടും ചോരക്കളമാകുന്നു. കഴിഞ്ഞ ദിവസം ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനവും ഇതിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതും ജനത്തെ ആശങ്കയിലാക്കുകയാണ്. സംഭവത്തിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി റനീഷിന്റെ കൈപ്പത്തികൾ അറ്റുപോകുകയും സി.ഒ.ടി നസീർ വധക്കേസിലെ പ്രതിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 12 ബോംബുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് അക്രമത്തിനുള്ള കോപ്പുകൂട്ടൽ. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതാണ് കണ്ണൂരിനെ വീണ്ടും പഴയ കുപ്പായം അണിയിക്കുന്നത്. സി.പി.എം, ബി.ജെ.പി, ലീഗ്, കോൺഗ്രസ് പാർട്ടികളുടേതായി നൂറുകണക്കിന് രക്തസാക്ഷി, ബലിദാനികുടുംബങ്ങൾ കണ്ണൂരിലുണ്ട്.
ഏതാനും വർഷം മുൻപ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. അതിന് സമാനമാണ് കതിരൂർ പൊന്ന്യത്തുണ്ടായത്.
1969 ഏപ്രിലിൽ ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനാണ് ആദ്യത്തെ രാഷ്ട്രീയപക പോക്കലിന്റെ ഇരയെന്ന് ബി.ജെ.പി. പറയുന്നു. തുടർച്ചയായ ദിവസങ്ങളിൽ പകരത്തിന് പകരമായി മനുഷ്യനെ അരിഞ്ഞുതീർത്ത ചരിത്രവും കണ്ണൂരിനുണ്ട്.
ബി.ജെ.പി, സി.പി.എം ശക്തികേന്ദ്രങ്ങളിൽ ബോംബ് നിർമ്മാണം നടക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തലശേരി, പെരിങ്ങളം, കൂത്തുപറമ്പ് മേഖലകളിൽ ആളൊഴിഞ്ഞ കുന്നിൻ പ്രദേശങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് നിർമ്മാണം.
ചാവേർ മോഡൽ
ക്വാറികളുടെ ലൈസൻസിൽ വാങ്ങുന്ന അമോണിയം നൈട്രേറ്റും കോഡ് വയറുകളും ബാറ്ററിയും പെട്രോൾ തിരികളും ഉപയോഗിച്ചായിരുന്നു ആദ്യകാലങ്ങളിൽ ബോംബ് നിർമ്മിച്ചിരുന്നത്. എന്നാലിപ്പോൾ പിടിച്ചെടുത്ത ബോംബുകൾ സാങ്കേതിക തികവിലും സ്ഫോടന ശേഷിയിലും മാരകമാണ്.
തീവ്രവാദികൾ ചാവേർ സ്ഫോടനത്തിന് ഉപയോഗിക്കുന്ന നൈട്രോ മീഥെയ്ൻ ചേർത്ത ബോംബുകൾ പോലും കണ്ണൂരിൽ പരീക്ഷിക്കപ്പെടുന്നു. നിർമ്മാണത്തിൽ വൈദഗ്ദ്യമുള്ള സംഘം ജില്ലയ്ക്ക് അകത്തും പുറത്തും പരിശീലനം നൽകുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചികിത്സിക്കാൻ രഹസ്യസ്ഥലം
നിർമ്മാണത്തിനിടെ പരിക്കേറ്റാൽ രഹസ്യകേന്ദ്രങ്ങളിൽ ചികിത്സിക്കുന്നതാണ് പതിവ്. 1980 മുതൽ 2019 വരെ ജില്ലയിൽ 200ഓളം രാഷ്ട്രീയ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വിവാദ കൊലപാതകം കതിരൂർ മനോജിന്റേതായിരുന്നു. അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സംഘർഷം സൃഷ്ടിക്കുന്നുണ്ട്. പൊലീസും ഭരണകൂടവും ഇതിന് മൗനാനുവാദം നൽകുന്നു. ഇടത് സർക്കാർ ചുമതലയേറ്റ ശേഷം ആദ്യ നാല് മാസത്തിനിടെ 6 പേർക്ക് കണ്ണൂരിൽ ജീവൻ നഷ്ടമായി. ഒരു ആർ.എസ്.എസ് പ്രവർത്തകൻ ബോംബ് നിർമ്മാണത്തിനിടെ മരിക്കുകയും ചെയ്തു. പാർട്ടി പ്രതിനിധികൾ മേശയ്ക്ക് ചുറ്റുമിരുന്ന് സമാധാനത്തിന് ആഹ്വാനം ചെയ്ത് മുറി വിടും മുൻപെ അടുത്ത കൊലയും കണ്ണൂരിൽ ആവർത്തിക്കുകയാണ്.