കണ്ണൂർ: ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് കിണർവെള്ളം പരിശോധിക്കാൻ സ്കൂളുകളിൽ ലാബ് സ്ഥാപിക്കുന്നത് അവസാന ഘട്ടത്തിലേക്ക്. ആദ്യം കണ്ണൂർ, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് ലാബ് തുടങ്ങുന്നത്. അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചു ലക്ഷത്തോളം രൂപ ചെലവുള്ള ലാബുകളുടെ മേൽനോട്ടം സ്കൂളുകളിലെ കെമിസ്ട്രി വിഭാഗത്തിനാണ്.
ആദ്യഘട്ടത്തിൽ അഞ്ചരക്കണ്ടി പഞ്ചായത്തിലെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിക്കും. അദ്ധ്യാപകരും കുട്ടികളുമടങ്ങുന്ന സംഘം പരിശോധിച്ച ശേഷം കെമിസ്ട്രി അദ്ധ്യാപകൻ റിപ്പോർട്ട് തയ്യാറാക്കും. പ്രളയത്തിൽ കിണറുകളിൽ മാലിന്യം നിറഞ്ഞതായി ഹരിത കേരള മിഷൻ കണ്ടെത്തിയിരുന്നു.വെള്ളത്തിന്റെ പോരായ്മ പരിഹരിക്കാനുള്ള നിർദ്ദേശവും സ്കൂൾ അധികൃതർ നൽകും. സ്വകാര്യ ലാബുകളിൽ കുടിവെള്ള പരിശോധനയ്ക്ക് ഫീസ് 800 - 1500 രൂപ വരെയാണ്. സ്കൂളുകളിൽ നാമമാത്രമായിരിക്കും ഫീസ്.
ഇവ ഇ- കോളി, മണം, ഘന മൂലകങ്ങൾ, നൈട്രേറ്റ്, അമോണിയ, ക്ളോറിൻ സംയുക്തങ്ങൾ, കൊഴുപ്പിന്റെ അംശങ്ങൾ @കുടിവെള്ളത്തിൽ വേണ്ട മൂലകങ്ങൾ അയൺ, അലൂമിനിയം, കോപ്പർ, സിങ്ക്, കാഡ്മിയം, ഫ്ലൂറൈഡ്, ലെഡ്, സൾഫേറ്റ്, നൈട്രേറ്റ് എന്നിവയുടെ സാനിദ്ധ്യം കണ്ടെത്തും. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹരിത കേരള മിഷനാണ് ഹയർ സെക്കൻഡറി സ്കൂളുകളിലെ കെമിസ്ട്രി ലാബുകളോടനുബന്ധിച്ച് ഇത് സ്ഥാപിക്കുന്നത്. ശാസ്ത്രാദ്ധ്യാപകർക്ക് ഏകദിന പരിശീലനം നൽകും. മൂന്ന് ലക്ഷം രൂപ ഹരിത കേരള മിഷൻ നൽകും. ഫർണിച്ചറും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും പരിശോധനാ കിറ്റും സ്കൂൾ അധികൃതർ വാങ്ങണം. ഇതിനായി എം.എൽ.എ ഫണ്ട് ഉപയോഗിക്കാം. പൊതു ജനങ്ങൾക്ക് ജല സാമ്പിളുകൾ സ്കൂളിൽ കൊണ്ട് വന്ന് പരിശോധിക്കാം.