കണ്ണൂർ: ജീവനക്കാരുടെ ക്ഷാമവും ജോലി ഭാരവും രൂക്ഷമായതോടെ വീർപ്പുമുട്ടുകയാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ. കൊവിഡ് കാരണം പണി ഇരട്ടിയിലേറെ ആയതാണ് പ്രതിസന്ധിയായത്. ജോലി സമർദ്ദം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്ന സർക്കാർ ജോലിക്കാരായി വില്ലേജ് ഓഫീസുകളിലെ ജീവനക്കാർ മാറിയെന്നാണ് ഇവരുടെ ആക്ഷേപം. ഫയലുകൾ ഉടൻ തീർപ്പാക്കണമെന്ന് മേലുദ്യോഗസ്ഥൻ പറയുമ്പോഴും പരിശോധിക്കാതെ എങ്ങനെ ഫയലുകൾ തീർപ്പാക്കാൻ കഴിയുമെന്നാണ് ഇവരുടെ മറുചോദ്യം.
പട്ടയത്തിന്റെ കാര്യങ്ങൾ നോക്കാൻ ജില്ലയിലെ വില്ലേജ് ഓഫീസിലെ ജീവനക്കാർക്ക് അധിക ഡ്യൂട്ടി കൊടുത്തത് വ്യാപക പ്രതിഷേധത്തിന് നേരത്തെ തന്നെ ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ കൊവിഡ് ഡ്യൂട്ടിയും അതിനു ശേഷമിപ്പോൾ പ്രളയത്തിന്റെ മുന്നൊരുക്കങ്ങളും അനുബന്ധ കാര്യങ്ങളും വില്ലേജ് ഓഫീസിലെ ജീവനക്കാർക്കാണ്. ഇതിനിടെയാണ് ലൈഫ് പദ്ധതി രേഖ വിതരണവും അപേക്ഷ സ്വീകരിക്കലുമൊക്കെ ചെയ്യേണ്ടത്.
പൊതുജനങ്ങൾക്ക് അവരുടെ കാര്യങ്ങൾ സുഗമമായി മുന്നോട്ടു നീങ്ങണമെന്നതിനാൽ അവർ അതിന് തടസമുണ്ടാകുമ്പോൾ ദേഷ്യപ്പെടും. എന്നാൽ ഞങ്ങളുടെ മാനസികാവസ്ഥയൊന്ന് മനസിലാക്കണം. വൻതുക ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർ അലസമനോഭാവത്തിൽ കഴിയുകയാണെന്നാണ് ജനങ്ങളുടെ ചിന്ത. ജനങ്ങളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും കടുത്ത സമർദ്ദങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോഴും എല്ലായ്പ്പോഴും ചിരിച്ചുകൊണ്ടു മാത്രം ജോലി ചെയ്യാനാവില്ലെന്നും എല്ലാം മതിയാക്കാമെന്ന അവസാന തീരുമാനത്തിലേക്ക് വരെ എത്തിച്ചേരുമെന്നും ജീവനക്കാർ പറയുന്നു.