മുക്കം: നഗരത്തിന്റെ പ്രവേശന കവാടമായ അഗസ്ത്യൻ മുഴിയിൽ പൈതൃക പാർക്ക് വരുന്നു. ബ്രിട്ടീഷ് പാലവും പരിസരങ്ങളും ഉൾപെടുത്തിയാണ് നഗരസഭ പൈതൃക പാർക്കിന് നടപടിയാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് അഗസ്ത്യൻമുഴിയിൽ റോഡിനു (ചെത്തുവഴി) കുറുകെ നദിക്കു സമം ഒഴുകിയിരുന്ന തോടിനു മുകളിൽ 1926ൽ നിർമിച്ച ഇരുമ്പുപാലം വികസനത്തിൽ നാഴികക്കല്ലായിരുന്നു. മലബാർ കലാപത്തിനു ശേഷം ഉൾനാടൻ ഗതാഗതത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ഈ പാലം നിർമ്മിച്ചതോടെയാണ് മുക്കം അങ്ങാടിയിലേയ്ക്കുള്ള ഗതാഗതം സുഗമമായത്.
ആദ്യ കാലങ്ങളിൽ ബ്രിട്ടീഷ് പട്ടാളക്കാരെയും ഉദ്യോഗസ്ഥരെയും മലബാറിന്റെ മലയോരങ്ങളിൽ എത്തിക്കാനാണ് പാലം പ്രയോജനപ്പെടുത്തിയത്. അങ്ങനെ മുക്കത്തും പരിസരത്തും ബ്രിട്ടീഷുകാരുടെ സങ്കേതങ്ങളും ഓഫീസുകളുമൊക്കെ പ്രവർത്തനമാരംഭിച്ചു. അന്ന് ഇന്ത്യക്കാരെ വിചാരണ ചെയ്യാൻ കൊണ്ടുവന്നിരുന്ന പ്രദേശമാണ് ഇന്ന് കച്ചേരി എന്ന് അറിയപ്പെടുന്നത്. പിന്നീട് ഈ പാലം ബ്രിട്ടീഷുകാരുടെ എസ്റ്റേറ്റുകളിൽ നിന്നുള്ള ചരക്ക് നീക്കത്തിനും കാളവണ്ടി ഗതാഗതത്തിനും തുറന്നു കൊടുത്തതോടെ മുക്കം മലയോര മേഖലയുടെ വ്യാപാര തലസ്ഥാനമായി മാറുകയായിരുന്നു.
മുക്കത്തേക്കുള്ള ആദ്യ ബസ് സർവീസായ സി.ഡബ്ല്യു.എം.എസിന്റെ കരിവണ്ടി ഓടി തുടങ്ങിയതും ഈ പാലത്തിലൂടെയാണ്. 1968 ൽ ഇവിടെ പുതിയ പാലം നിർമ്മിച്ചതോടെ പഴയ പാലം ഉപയോഗിക്കാതെയായി. കാടുമൂടിയതിനാൽ പാലവും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. ഇവിടം ഒരു പൈതൃക പാർക്കാക്കി സംരക്ഷിക്കണമെന്ന ആശയവുമായി രംഗത്തുവന്നത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാറാണ്.
നവീകരണം ഇങ്ങനെ
കാസ്റ്റ് അയേണിൽ ശില്പ ഭംഗിയുള്ള കൈവരി
പഴയ അപ്രോച്ച് റോഡിൽ കരിങ്കൽ പാളി
കാസ്റ്റ് അയേൺ ഇരിപ്പിടങ്ങൾ
ഗേറ്റ് വേ ഓഫ് മുക്കം പ്രവേശന കവാടം
രണ്ട് മീറ്റർ അകലത്തിൽ നൂറ് വിളക്കുകാൽ
ബോർഡുകളിൽ ചരിത്ര വിവരണങ്ങൾ
പ്രകൃതി സൗന്ദര്യത്തിന് യോജിച്ച നിർമാണം
പ്രഭാത സവാരിയ്ക്കും അനുയോജ്യം
ചെലവ് പത്ത് ലക്ഷം
പദ്ധതിയ്ക്ക് നഗരസഭ പത്തു ലക്ഷം രൂപ വകയിരുത്തി. വ്യക്തികളും സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ ഏറ്റെടുക്കും. സപ്തംബർ പത്തിന് പൈതൃക സംരക്ഷണ പ്രഖ്യാപനം നടത്തും. നിർമ്മാണ പ്രർത്തനം ഏറ്റെടുക്കാൻ തയ്യാറുള്ളവരിൽ നിന്ന് സമ്മതപത്രങ്ങൾ ഏറ്റുവാങ്ങും. നിർദിഷ്ട പാർക്ക് പ്രദേശം നഗരസഭ ചെയർമാൻ വി. കുഞ്ഞന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.