കോഴിക്കോട്: ചില വിദ്യാർത്ഥികൾ കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ മിടുക്കരായിരിക്കും. പല കാര്യങ്ങളിലും മറ്റുള്ളവരേക്കാൾ സമർത്ഥരുമായിരിക്കും. പക്ഷെ പഠനത്തിൽ ശോഭിക്കാനാവില്ല. പ്രത്യേകിച്ചും എഴുത്തിലും വായനയിലും. കാണാതെ എഴുതുമ്പോൾ അക്ഷരത്തെറ്റുകൾ ഉണ്ടാവുക, മലയാളത്തിൽ സ്വര ചിഹ്നങ്ങൾ വരുന്ന വാക്കുകൾ എഴുതാനും വായിക്കാനും ബുദ്ധിമുട്ട് കാണിക്കുക, ഇംഗ്ലീഷിൽ സ്വരാക്ഷരങ്ങൾ എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് ഇത്തരക്കാരുടെ പ്രശ്നങ്ങൾ.ബുദ്ധിപരമായി നല്ല കഴിവുള്ള കുട്ടികളായിരിക്കും ഇവർ. യുക്തിപൂർവം കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിൽ മിടുക്ക് കാട്ടുന്ന ഇവർ കണക്കിലും 'കമ്പ്യൂട്ടർ' ആയിരിക്കും. എന്നാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എഴുത്തിനും വായനക്കും പ്രാധാന്യമുള്ളതിനാൽ ഇത്തരക്കാർ കഴിവിനനുസരിച്ച് പഠനത്തിൽ മികവ് കാണിക്കില്ല.
ഇത്തരക്കാർക്ക് ഉപകരിക്കുന്ന പഠന രീതികൾ ഉപയോഗിച്ചുള്ള ഓൺലൈൻ പഠന പദ്ധതിയാണ് ഇലകൾ പച്ച. കോഴിക്കോട് അസമ ചാരിറ്റബിൾ ട്രസ്റ്റ് രൂപപ്പെടുത്തിയ പാഠ്യ പദ്ധതിക്ക് കോഴിക്കോട് സർവകലാശാലയിൽ നടന്ന നാലാമത് multi disciplinary ദേശീയ കോൺഫറൻസിൽ ഏറ്റവും നല്ല പ്രബന്ധത്തിനുള്ള അവാർഡ് നേടി. കൊവിഡ് കാലത്ത് മറ്റ് കുട്ടികളെ പോലെ കേരളത്തിനകത്തും പുറത്തുമുള്ള പഠന വൈകല്യമുള്ളവർക്ക് ഓൺലൈനായി പഠനം നടത്താം. കൂടുതലറിയാൻ 9745007001 എന്ന നമ്പറിൽ ബന്ധപ്പെടുക.