തിരുവനന്തപുരം: തലസ്ഥാന നഗരവാസികൾ കാത്തുകാത്തിരിക്കുന്ന നിർദ്ദിഷ്ട ലൈറ്റ് മെട്രോ പദ്ധതി ടെക്നോപാർക്കിലേക്ക് നീട്ടുമോ എന്ന ചോദ്യത്തിന് ഉത്തരമായി. ഇതുസംബന്ധിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ നാറ്റ്പാക്, റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ടെക്നോപാർക്കിനെ കൂടി ഉൾപ്പെടുത്തി അലൈൻമെന്റ് മാറ്റാമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. ലൈറ്ര് മെട്രോയ്ക്കായി ഡി.എം.ആർ.സി തയ്യാറാക്കിയ റിപ്പോർട്ടിൽ ടെക്നോപാർക്കിൽ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ, കൊച്ചി മെട്രോയിൽ പ്രതീക്ഷിച്ച വരുമാനമില്ലെന്ന് മനസിലാക്കിയതോടെയാണ് ലൈറ്ര് മെട്രോയിൽ ടെക്നോപാർക്കിനെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നത്. കൂടുതൽ പേർ ഉപയോഗിച്ചാൽ നഷ്ടം കുറയും. ടെക്കികളും നിസാനെപ്പോലുള്ള വൻകിട കമ്പനികളും ഈ ആവശ്യമുന്നയിച്ചു. ഇതേതുടർന്നാണ് ഇതിന്റെ സാദ്ധ്യതയെക്കുറിച്ച് പഠനം നടത്താൻ നാറ്റ് പാക്കിനെ ചുമതലപ്പെടുത്തിയത്. തങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ മെട്രോയുടെ അലൈൻമെന്റ് മാറ്റണമെന്ന് ടെക്കികൾ ആവശ്യപ്പെട്ടിരുന്നു. ആയിരക്കണക്കിന് പേരാണ് ടെക്നോപാർക്കിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നത്. ലൈറ്റ് മെട്രോ വരുന്നത് അവർക്ക് വലിയ അനുഗ്രഹമായിരിക്കും. ഇവർകൂടി യാത്രക്കാരാവുന്നതോടെ ലൈറ്ര് മെട്രോയുടെ വരുമാനവും വർദ്ധിക്കും.
ഉത്തരം നൽകൂ, പ്ളീസ്..
കൊച്ചിയിൽ മെട്രോ വന്നപ്പോൾ തിരുവനന്തപുരത്തും ലൈറ്റ് മെട്രോ വരുമെന്നായിരുന്നു നഗരവാസികളുടെ പ്രതീക്ഷ. എന്നാൽ, എപ്പോൾ വരുമെന്ന് ചോദിച്ചാൽ ആർക്കും കൃത്യമായ ഉത്തരമില്ല. മെട്രോയിൽ വിവാദം മാത്രമാണ് ഇപ്പോൾ ബാക്കി നിൽക്കുന്നത്. ഡൽഹി മെട്രോയ്ക്ക് നേതൃത്വം നൽകിയ മലയാളിയായ മെട്രോമാൻ ഇ. ശ്രീധരനാണ് തിരുവനന്തപുരത്തും ലൈറ്റ് മെട്രോ രൂപകല്പന ചെയ്തത്. എന്നാൽ, ഡി.എം.ആർ.സിക്ക് ഉത്തരവ് നൽകി 15 മാസമായിട്ടും കരാറുണ്ടാക്കിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്രപ്പെടുത്തൽ. തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ട് ഓഫീസുകൾ വെറുതെ പ്രവർത്തിക്കേണ്ടി വന്നു. ഒടുവിൽ വേറെ കമ്പനിയെ നിർമ്മാണം ഏല്പിക്കാൻ പോകുകയാണെന്ന ധാരണയിൽ ലൈറ്ര് മെട്രോയിൽ നിന്ന് പിന്മാറുകയാണെന്ന് ഡി.എം.ആർ.സി അറിയിച്ചു. തുടക്കം മുതൽ ലൈറ്ര് മെട്രോയെക്കുറിച്ച് ചില്ലറ വിവാദങ്ങളും ഉയർന്നിരുന്നു.
ഇപ്പോൾ നടക്കുന്നത്
ലൈറ്ര് മെട്രോയ്ക്ക് മുന്നോടിയായുള്ള പ്രവർത്തനം നടക്കുന്നുവെന്ന് അധികൃതർ പറയുന്നു. റോഡ് വീതികൂട്ടൽ, മൂന്ന് ഫ്ലൈ ഓവറുകൾ നിർമ്മാണം എന്നിവയാണ് വേണ്ടത്. ഇതിൽ ശ്രീകാര്യം ഫ്ലൈ ഓവറിന്റെ പണി ഉടൻ തുടങ്ങും. സ്ഥലമെടുപ്പ് എതാണ്ട് പൂർത്തിയായി. മെട്രോയുടെ ഒറിജിൽ അലൈൻമെന്റ പ്രകാരമുള്ള ഫ്‌ളൈ ഓവറുകളാണ് ശ്രീകാര്യത്തും പട്ടത്തും നിർമ്മിക്കുന്നത്. ശ്രീകാര്യത്ത് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ 135 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. നാലുവരി ഫ്ളൈ ഓവറാണ് വരിക. ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകൾ ഉൾക്കൊള്ളിച്ചാണ് ഫ്ളൈഓവറിന്റെ രൂപകല്പന. സ്ഥലം ഏറ്റെടുപ്പിനുള്ള ആദ്യ ഗഡുവായി 35 കോടി രൂപ നൽകി. 535 മീറ്രർ നീളത്തിൽ ഇരുവശത്തും 7.5 മീറ്റർ വീതം ആകെ 15 മീറ്ററാണ് ഫ്ളൈ ഓവറിന്റെ വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും.
.
സ്റ്രേഷനുകൾ 19
ടെക്നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം, കഴക്കൂട്ടം ജംഗ്ഷൻ, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം, ഉള്ളൂർ, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, സെക്രട്ടേറിയറ്റ്, തമ്പാനൂർ, കിള്ളിപ്പാലം, കരമന തുടങ്ങിയ ഇടങ്ങളിൽ
ചെലവ് 4,219 കോടി കോടി.
ദൂരം 21.82 കിലോമീറ്റർ