മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ 42-ാം പിറന്നാൾ ആഘോഷിക്കുകയാണ് സിനിമാ ലോകം. കൊവിഡ് കാലമായതിനാൽ കാര്യമായ ആഘോഷമൊന്നുമില്ല. ജന്മദിനത്തിൽ മഞ്ജു എന്ത് സർപ്രൈസായിരിക്കും ഒരുക്കിവച്ചിരിക്കുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. മലയാളികളുടെ മനസിൽ ഇന്നും മഞ്ജുവിന് പതിനേഴിന്റെ അഴകാണ്.
മലയാളി തനിമയുടെ മുഖശ്രീയായ മഞ്ജു വാര്യർ ശക്തമായ കാഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയിലും മലയാളി മനസുകളിലും സ്ഥാനം ഉറപ്പിച്ചത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തുടർച്ചയായ രണ്ട് വർഷം കലാതിലക പട്ടം നേടിയ മഞ്ജു വാര്യർ സിനിമാലോകത്തും തിലക്കുറിയായി. 1978 സെപ്തംബർ 10ന് തമിഴ്നാട് നാഗർകോവിലിൽ മാധവൻ വാര്യർ - ഗിരിജ വാര്യർ ദമ്പതികളുടെ മകളായി ജനിച്ച മഞ്ജു വാര്യർ 1995ൽ 'സാക്ഷ്യം' എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. 1996ൽ തന്റെ പതിനെട്ടാം വയസിൽ 'സല്ലാപ'ത്തിലൂടെ സൂപ്പർ നായികാ പദവിയിലേക്കുയർന്ന താരം ഇന്നും ആ പദവി മറ്റൊരു മലയാളി നായികമാർക്കും വിട്ടുകൊടുത്തിട്ടില്ല. അതുകൊണ്ടുതന്നെ മഞ്ജു മലയാളികളുടെ സ്വകാര്യ അഹങ്കാരമാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ആദ്യ ചിത്രത്തിനു ശേഷം മൂന്ന് വർഷത്തെ കാലയളവിൽ ഏകദേശം 20 ഓളം മലയാള സിനിമകളിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.
ഈ പുഴയും കടന്ന്, കളിവീട്, കളിയാട്ടം, ആറാം തമ്പുരാൻ, കന്മദം, സമ്മർ ഇൻ ബദ്ലഹേം, കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം തുടങ്ങിയ സിനിമകളിലെ കരുത്തയായ നായികാ കഥാപത്രങ്ങളിലൂടെ താരപദവിയിലെത്തി. ഇടക്കാലത്ത് സിനിമയിൽ നിന്നും മാറിനിന്നിരുന്നെങ്കിലും മലയാളസിനിമയിൽ മറ്റൊരു നായികമാർക്കും അവകാശപ്പെടാനാകാത്ത മാസ് റീ എൻട്രിയാണ് താരം നടത്തിയത്. റോഷൻ ആൻഡ്രൂസിന്റെ 'ഹൗ ഓൾഡ് ആർ യു' വിലൂടെ നിരുപമ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചാണ് 2014ൽ മഞ്ജു മലയാള സിനിമയിലേക്കുള്ള രണ്ടാം വരവ് കുറിച്ചത്. റോഷൻ ആൻഡ്രൂസും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ചെത്തിയ ചിത്രവും ലേഡി സൂപ്പർ സ്റ്റാറിനെ ആ പദവിയിൽ ഉറപ്പിച്ചു നിറുത്തുന്നതായിരുന്നു. പ്രതി പൂവൻകോഴിയിൽ മാധുരി എന്ന സെയിൽസ് ഗേളായാണ് താരമെത്തിയത്. ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി.
തിരഞ്ഞെടുപ്പ് മികച്ചത്
രണ്ടാം വരവിൽ മഞ്ജു കൂടുതൽ സെലക്ടീവായാണ് സിനിമകൾ സ്വീകരിക്കുന്നത്. രണ്ടാംവരവിലാണ് സിനിമകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചിന്തിച്ച് തുടങ്ങിയതെന്ന് മഞ്ജു വാര്യർ തന്നെ പറഞ്ഞിരുന്നു. അവർ തിരഞ്ഞെടുത്ത ചിത്രങ്ങളും അത് വ്യക്തമാക്കുന്നതാണ്. എന്നും എപ്പോഴും, കെയർ ഒഫ് സൈറ ബാനു, വേട്ട, ഉദാഹരണം സുജാത, ആമി, ലൂസിഫർ, പ്രതി പൂവൻകോഴി തുടങ്ങിയവയെല്ലാം രണ്ടാം വരവിൽ മഞ്ജു വാര്യരുടെ കരിയർ ഉയർത്തിപ്പിടിച്ച സിനിമകളാണ്.
കാത്തിരിക്കുന്നത് വമ്പൻ സിനിമകൾ
കൊവിഡ് കാരണം ചിത്രീകരണം നിലച്ചെങ്കിലും നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാൽ നായകനായ ബിഗ് ബഡ്ജറ്റ് പ്രിയദർശൻ ചിത്രമായ മരയ്ക്കാർ - അറബിക്കടലിന്റെ സിംഹമാണ് പുറത്തിറങ്ങാനുള്ള പ്രധാന ചിത്രം. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന 'കയറ്റ'ത്തിൽ മഞ്ജു പുതിയ ലുക്കിലാണ് എത്തുന്നത്. ഹിമാലയത്തിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം നടന്നത്. മഞ്ജു വാര്യർ തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ചെയ്യുന്ന ഹൊറർ ചിത്രമാണ് ചതുർമുഖം. ജിസ്‌ടോംസ് മൂവീസിന്റെ ബാനറിൽ ജിസ് ടോംസും ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. രഞ്ജിത് കമല ശങ്കർ, സലീൽ.വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. മഞ്ജു ആദ്യമായി മമ്മൂട്ടിയുടെ നായികയായി എത്തുന്ന ദ പ്രീസ്റ്റ് ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചുകഴിഞ്ഞു. നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിരതന്നെയുണ്ട്. സഹോദരൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. ബിജു മേനോനാണ് ചിത്രത്തിലെ നായകൻ.