jayan

കല്ലമ്പലം: പട്ടികജാതി വിഭാഗക്കാരായ അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വടശ്ശേരിക്കോണം എസ്.എൻ പുരം കോട്ടുതല വീട്ടിൽ ജയൻ (56) ആണ് അറസ്റ്റിലായത്. ജനവാസമേഖലയിൽ അനധികൃതമായി തുടങ്ങിയ കോഴി ഫാമിനെതിരെ ആക്രമണത്തിനിരയായ അരവിന്ദനും മകനും ആർ.ടി.ഒയ്ക്ക് പരാതി നൽകുകയും തുടർന്ന് ഫാം പൂട്ടുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി അരവിന്ദന്റെ വീട്ടിലേക്കുള്ള വഴി അടയ്ക്കുകയും അത് ചോദിക്കാൻ ചെന്ന ഇവരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മൺവെട്ടി കൊണ്ട് തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ, സബ് ഇൻസ്പെക്ടർമാരായ ഗംഗാപ്രസാദ്, അനിൽ ആർ.എസ്, ജയൻ, എസ്.സി.പി.ഒ അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. കൂട്ടുപ്രതിക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.