sodium

സോഡിയം കുറയുന്നതിലൂടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടിവരുന്ന കാലമാണ്.

വൃദ്ധരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.

കോശങ്ങൾക്ക് പുറത്തുള്ള ജലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലവണമാണ് സോഡിയം. അതായത് ശരീരത്തിലെ പ്രധാന ലവണം.രക്തത്തിന്റെ മൊത്തം ലവണാംശം പ്രധാനമായും സോഡിയം, യൂറിയ, ഗ്ളൂക്കോസ് എന്നിവയെ അടിസ്ഥാനമാക്കിയിരിക്കുന്നു. ഇവയിൽ ഏറ്റവും പ്രധാനമാണ് സോഡിയം. നമ്മൾ കഴിക്കുന്ന ഉപ്പിന്റെയും മൂത്രം വഴിയും മലം വഴിയും പുറത്തുപോകുന്നതിന്റെയും അളവ് അനുസരിച്ചാണ് ശരീരത്തിൽ സോഡിയത്തിന്റെ അനുപാതം ക്രമീകരിക്കപ്പെടുന്നത്.

പ്രധാന ലവണം

നമ്മുടെ രക്തത്തിലെ ലവണാംശം നിലനിറുത്തുന്നതിൽ നിർണായക ഘ‌ടകമാണ് സോഡിയം. രക്തസമ്മർദ്ദം കുറയാതെ നോക്കുന്നതിലും തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നതിലും ഈ മൂലകത്തിന്റെ പങ്ക് വളരെ വലുതാണ്. എല്ലുകളുടെ ആരോഗ്യം നിലനിറുത്താൻ സോഡിയം അത്യാവശ്യമാണ്. നാഡി ഞരമ്പുകളിലൂടെയുള്ള സംവേദന പ്രവാഹത്തെ നിയന്ത്രിക്കുന്നതും സോഡിയമാണ്.

അതായത്, ശരീരത്തിന് അത്യന്താപേക്ഷിതമായ ലവണമാണ് സോഡിയം എന്നർത്ഥം. അതുകൊണ്ട് തന്നെ ശരീരത്തിൽ ഈ മൂലകം കൂടാതെയും കുറയാതെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നത് ഹൈപ്പോ നൈട്രീമിയയ്ക്ക് കാരണമാകും.

സോഡിയം കുറയാൻ കാരണം

 പലവിധ ശാരീരിക പ്രശ്നങ്ങളുടെ ഫലമായി സോഡിയത്തിന്റെ അളവിൽ മാറ്റമുണ്ടാകാം. അവയിൽ പ്രധാനമാണ് ഛർദ്ദിയും വയറിളക്കവും. തുടർച്ചയായ ഛർദ്ദിയും വയറിളക്കവും ജലാംശത്തിനൊപ്പം സോഡിയം ഉൾപ്പെടെയുള്ള ലവണാംശങ്ങളും നഷ്ടമാക്കുന്നു.

 ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് തീരെ കുറയുന്നതും ഒരു കാരണമാണ്. പ്രധാനമായും പ്രായമായ ആളുകളിലാണ് ഇത്തരത്തിൽ സോസിയം കുറയുന്നത്.

തലച്ചോറിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം മൂത്രത്തിൽ കൂടി സോഡിയം നഷ്ടപ്പെട്ടുപോകുന്ന സിയാഡ് എന്ന അസുഖം ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിൽ സോഡിയം കുറഞ്ഞുപോകുന്നതിന്റെ ഒരു പ്രധാന കാരണമാണ്.

 തൈറോയ്ഡ് ഗ്രന്ഥിയുടെയും അഡ്രീനാൽ ഗ്രന്ഥിയുടെയും പ്രവർത്തനക്കുറവും സോഡിയം കുറഞ്ഞുപോകുന്നതിന് ഇടയാക്കുന്നുണ്ട്.

 കരൾ വീക്കം, ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുന്ന അവസ്ഥ, വൃക്കകളുടെ തകരാർ തുടങ്ങിയവയും ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറയ്ക്കും.

 രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ സോഡിയം കുറയാൻ കാരണമായേക്കാം. പ്രായമായവരിലാണ് ഇത് കൂടുതൽ കാണുന്നത്.

 പക്ഷാഘാതത്തെ തുടർന്നും മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നുമെല്ലാം രോഗിയുടെ ബോധ നിലയിലും സംസാരത്തിലും പുരോഗതി കാണാതിരിക്കുന്നത് സോഡിയം കുറയുന്നതിന് കാരണമാകാം.

 മസ്തിഷ്കം, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന അർബുദത്തിന്റെ ഫലമായി രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയാം.

സോഡിയം നില നിലനിറുത്താൻ

രക്തത്തിൽ സോഡിയത്തിന്റെ നില ക്രമമായി നിലനിറുത്താൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം ; ശരീരത്തിൽ നീരുണ്ടെങ്കിൽ ഉപ്പും വെള്ളവും കുറയ്ക്കണം. കായികാദ്ധ്വാനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ ഉപ്പുചേർത്ത ശുദ്ധജലം കുടിക്കുന്നത് നല്ലതാണ്.

കിടപ്പുരോഗികൾക്ക് കുടിക്കാൻ കൊടുക്കുന്ന വെള്ളം മൂത്രത്തിലൂടെ പുറത്തുപോകുന്നതിനെക്കാൾ കുറവായിരിക്കണം. ഛർദ്ദി - അതിസാരമുള്ളവർക്ക് ഉപ്പും പഞ്ചസാരയും ചേർത്ത ലായനി നൽകണം. മൂത്രം നന്നായി പുറത്തുപോകാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ കറിയുപ്പിലൂടെയാണ് ശരീരത്തിന് ആവശ്യമുള്ള സോഡിയത്തിന്റെ മുഖ്യപങ്കും ലഭിക്കുന്നത് എന്നകാര്യം മറക്കരുത്. റൊട്ടി, മത്സ്യം, മാംസം, മുട്ട പാലുത്പന്നങ്ങൾ എന്നിവയിലൂടെയെല്ലാം സോഡിയം ലഭിക്കും.

ശരീരത്തിൽ നീര് കെട്ടിക്കിടക്കുന്ന ഏത് രോഗാവസ്ഥയിലും സോഡിയത്തിന്റെ അളവ് താരതമ്യേന കുറഞ്ഞുപോകാം.

കുറഞ്ഞാൽ സംഭവിക്കുന്നത്

സോഡിയത്തിന്റെ അളവ് കുറയുന്നത് പലതരം ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കും. ഛർദ്ദി, തലവേദന, സ്വബോധമില്ലാത്ത അവസ്ഥ, ഓർമ്മക്കുറവ്, ക്ഷീണം, വിശപ്പില്ലായ്മ, തളർച്ച തുടങ്ങി അപസ്മാരം, അബോധാവസ്ഥ എന്നിവയൊക്കെയും സംഭവിക്കാം.

സോഡിയത്തിന്റെ അളവ് കുറയുന്നത് മസ്തിഷ്ക കോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. അങ്ങനെയുള്ള അവസ്ഥയിൽ മസ്തിഷ്കത്തിൽ നീര് കെട്ടുന്നതിനും മസ്തിഷ്ക മരണംവരെ സംഭവിക്കുന്നതിനും സാദ്ധ്യതയുണ്ട്. ഇങ്ങനെ തലച്ചോറിന് സംഭവിക്കുന്ന തകരാറു കാരണം ശ്വാസതടസ്സവും ഹൃദയവീക്കവും ഉണ്ടാകാം.

ഇക്കാര്യത്തിൽ രോഗിയുടെ പ്രായം, ആരോഗ്യനില തുടങ്ങിയവ പ്രധാനമാണ്.