ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിലേയും മംഗലപുരം പഞ്ചായത്തിലേയും തീരപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മുരുക്കുംപുഴ കടവ്- ഇടഞ്ഞുംമൂല റോഡ് യാഥാർത്ഥ്യമാകുന്നു. മുരുക്കുംപുഴ - അഴൂർ ഭാഗങ്ങളെ ബന്ധിപ്പിച്ച് കഠിനംകുളം കായലിന് കുറുകെ പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ള പ്രവർത്തികൾക്കായി 5.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള സർവേ നടപടികൾ ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ വി. ശശി അറിയിച്ചു. 500 മീറ്റർ നീളത്തിൽ പാലവും 1200 മീറ്റർ നീളത്തിൽ അനുബന്ധ റോഡുമാണ് നിർമ്മിക്കുന്നത്. ഇതിനായി മംഗലപുരം അഴൂർ ഗ്രാമപഞ്ചായത്തുകളിലെ വെയിലൂർ, അഴൂർ വില്ലേജുകളിൽ നിന്നായി ഏകദേശം 277 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതായുണ്ട്.
പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സാക്ഷാത്കരിക്കാൻ പോകുന്നത്. പെരുങ്ങുഴി ആറാട്ടുകടവ് റോഡിൽ നിന്ന് ശാഖാ റോഡായി തിരിഞ്ഞാണ് പുതിയ റോഡ് ആരംഭിക്കുന്നത്. റോഡും പാലവും യാഥാർത്ഥ്യമായാൽ ഒറ്റപ്പെട്ട പ്രദേശങ്ങളായ കുഴിയം, ഇടഞ്ഞുംമൂല, പെരുങ്ങുഴി കടവിന് സമീപം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് റെയിൽവേ ലൈൻ ക്രോസ് ചെയ്യാതെ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധിക്കും.
പദ്ധതി തുക: 5.90 കോടി രൂപ
പാലത്തിന്റെ നീളം: 500 മീറ്റർ
റോഡ്: 1200 മീറ്റർ നീളത്തിൽ
ഏറ്റെടുക്കേണ്ടത്: 277 സെന്റ് ഭൂമി
പ്രയോജനം നൂറുകണക്കിന് വാഹനങ്ങൾക്ക്
പെരുങ്ങുഴി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികളുടെ ഭാഗമായി പലപ്പോഴും നാലും അഞ്ചും ദിവസം തുടർച്ചയായി അടച്ചിടാറുണ്ട്. ഈ സമയത്ത് അഴൂർ ഗ്രാമപഞ്ചായത്തിലെ പ്ലാവിന്റെമൂട്, കുഴിയം, പെരുങ്ങുഴി കടവ്, മടയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ യാത്രാദുരിതം വർദ്ധിക്കും. പുതിയ പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇതിനെല്ലാം പരിഹാരം കാണാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. മാത്രമല്ല പെരുങ്ങുഴി ആറാട്ട് കടവ് ഭാഗത്ത് നിന്ന് അഴൂർ ഭാഗത്തേക്ക് പോകുന്ന റോഡ് നിലവിൽ കുഴിയം വരെ മാത്രമാണുള്ളത്. ഈ റോഡ് അഴൂർ ഭാഗത്തേക്ക് നീട്ടുന്നതിനുവേണ്ടിയുളള നടപടിയും പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ ഇടഞ്ഞുംമൂല, പെരുങ്ങുഴി കടവ്, കുഴിയം മേഖലയിലുളളവർക്ക് റെയിൽവേ ഗേറ്റ് ഒഴിവാക്കി പെരുമാതുറ, വർക്കല ഭാഗങ്ങളിൽ എളുപ്പം എത്തിച്ചേരാൻ സാധിക്കും.
മുരുക്കുംപുഴ - അഴൂർ ഭാഗങ്ങളെ ബന്ധിപ്പിച്ച് കഠിനംകുളം കായലിന് കുറുകെ പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആറ് മാസത്തിനകം പൂർത്തിയാക്കും. തുടർന്ന് റോഡ് പണി ആരംഭിക്കും.
വി.ശശി (ഡെപ്യൂട്ടി സ്പീക്കർ)