ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ വസ്ത്ര – സ്വർണ വ്യാപാര കേന്ദ്രത്തിലെ രണ്ടു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ സ്ഥാപനത്തിലെ 19 പേർക്കാണ് രോഗം ബാധിച്ചത്. ഇളമ്പ, ചെമ്പൂർ എന്നിവിടങ്ങളിലുള്ള വർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഈ സ്ഥാപനത്തിലെ ജീവനക്കാരനായ മണമ്പൂർ സ്വദേശി രോഗ ബാധിതനായതിനെ തുടർന്ന് താത്ക്കാലികമായി സ്ഥാപനം പൂട്ടാൻ നഗരസഭ നിർദ്ദേശം നൽകിയിരുന്നു. അടുത്ത ദിവസങ്ങളിലായി കൊവിഡ് പരിശോധന നടത്തിയ ഇവിടത്തെ 16 ജീവനക്കാർക്കും പോസിറ്റീവായിരുന്നു. ഇവരുടെ കുടുംബാംഗങ്ങളിൽ ചിലർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ്‌ ആയവരുടെ സ്രവം വിദഗ്‌ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.