ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സമൂഹ വ്യാപന സാദ്ധ്യത ശ്രദ്ധയിൽപ്പെട്ടതിനാൽ നാട്ടുകാർ കൂടുതൽ ശ്രദ്ധിക്കണമെന്നും തിരക്കുള്ള വ്യാപാര കേന്ദ്രങ്ങൾ, ആളുകൾ കൂടുതൽ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളേയും പ്രായമായവരേയും മാറ്റിനിർത്താൻ ശ്രമിക്കണമെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് പറഞ്ഞു.
ആറ്റിങ്ങലിൽ വിവിധ വാർഡുകളിലായി ഇതുവരെ 45 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 27 പേർ രോഗ മുക്‌തരായി.ജൂലൈ 29 നാണ് പട്ടണത്തിൽ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് രോഗവ്യാപനത്തെ ചെറുക്കാൻ ആദ്യ ഘട്ടത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് നഗരത്തിലെത്തുന്ന ലോറി തൊഴിലാളികളെ തെർമൽ സ്കാനിംഗിന് വിധേയരാക്കി. അന്യ സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പ് തുറക്കുകയും ചെയ്തു.