vld-2

വെള്ളറട:കാരക്കോണം തട്ടിട്ടമ്പലത്ത് ആത്മഹത്യചെയ്ത ഉദ്യോഗാർത്ഥി അനുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ കാരക്കോണത്ത് റോഡ് ഉപരോധിച്ചു.സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പാറശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപരോധത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ നേതൃത്വം നൽകി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ,സി.ശിവൻകുട്ടി,നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ആലത്തൂർ പ്രസന്നൻ,അഡ്വ:പ്രദീപ്, മേഖല പ്രസിഡന്റുമാരായ ഓംകാർ ബിജു,പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.10 മണിക്ക് റോഡ് ഉപരോധം ആരംഭിച്ചു. ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് പൊലീസ് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും സമരക്കാർ തയ്യാറായില്ല.തുടർന്ന് നെയ്യാറ്റിൻകര തഹസിൽദാർമാരായ അജയകുമാർ,എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലകൂടിയുള്ള കെ.വി.ശ്രീകല എന്നിവർ സ്ഥലത്തെത്തി നേതാക്കളുമായി സംസാരിച്ചു.വിഷയത്തിൽ ഇടപെടുമെന്നും സർക്കാരിൽ നിന്നും അർഹമായ സഹായം ലഭിക്കുന്നതിന് കളക്ടർക്ക് അടിയന്തര റിപ്പോർട്ട് നൽകുമെന്നും അറിയിച്ചു.തുടർന്ന് പ്രവർത്തകർ അനുവിന്റെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കാണണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥ സംഘം അനുവിന്റെ വീട് സന്ദർശിച്ചു. വീട്ടുകാരുമായി ചർച്ചനടത്തി. പത്തുദിവസത്തിനുള്ളിൽ പ്രശ്നത്തിന് തീരുമാനമുണ്ടാകുമെന്ന് ഉദ്യോഗസ്ഥസംഘം ഉറപ്പുനൽകിയതിനാൽ സമരം അവസാനിപ്പിച്ചതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ പറഞ്ഞു.