vld-3

വെള്ളറട: സംസ്ഥാനത്ത് പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുന്ന ലക്ഷകണക്കിന് ചെറുപ്പക്കാരെ വഞ്ചിക്കുകയാണ് പിണറായി സർക്കാരെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിന്റെ വഞ്ചനയുടെ പ്രതീകമാണ് ആത്മഹത്യ ചെയ്ത അനു. ലക്ഷക്കണക്കിന് തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ തെരുവിൽ അലയുമ്പോൾ മന്ത്രിമാരുടെയും, എം.എൽ.എ മാരുടെയും,സി പി എം നേതാക്കളുടെയും മക്കൾക്ക് ലക്ഷങ്ങൾ ശമ്പളം നൽകി നിയമനം നൽകുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകനുവരെ ജോലി നൽകി കഴിഞ്ഞു.സ്വർണക്കടത്തുകാരിക്കും ജോലി നൽകി.സർക്കാർ പി.എസ്.സി റാങ്ക് ലിസ്റ്റുകൾ റദ്ദാക്കി യുവജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് തുടരുന്നത്.യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളെ റാങ്ക് ലിസ്റ്റിൽ ക്രമക്കേട് കാട്ടി ഒന്നാം സ്ഥാനത്ത് എത്തിച്ചു.ഇപ്പോൾ പരീക്ഷയെഴുതിയപ്പോൾ പൂജ്യം മാർക്കാണ് ഇവർക്ക് ലഭിച്ചത്.അനുവിന്റെ കുടുംബത്തിന് അർഹമായ നീതി ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്നും കാരക്കോണത്ത് റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.