കാസർകോട്: കൊവിഡ് കാലത്ത് ടാറ്റ ഗ്രൂപ്പ് സർക്കാരിന് നൽകിയ ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ ഉദാത്തമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് തെക്കിലിൽ പൂർത്തീകരിച്ച കൊവിഡ് ആശുപത്രി സമുച്ചയ കൈമാറ്റ ഉദ്ഘാടനം നിർവഹിച്ചു വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം തന്നെ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത ജില്ലയാണ് കാസർകോട്. ഇതിനെ തുടർന്ന് ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റി. മികച്ച പ്രവർത്തനമാണ് ജനറൽ ആശുപത്രി കാഴ്ച വെച്ചത്. നാല് ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ കാസർകോട് മെഡിക്കൽ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളോടെ 200 കിടക്കകള്ള കൊവിഡ് ആശുപത്രിയായി സജ്ജീകരിക്കാനും സർക്കാരിന് സാധിച്ചു. പ്രവർത്തന സജ്ജമാക്കാനായി മെഡിക്കൽ കോളേജിന് മാത്രം 273 തസ്തികകൾക്കുള്ള നിയമന നടപടിക്ക് തുടക്കം കുറിച്ചു.
കൊവിഡ് മഹാമാരിയുടെ ഓരോ ഘട്ടത്തിലും ജില്ലയിൽ അതീവ ശ്രദ്ധയോടെയാണ് ഇടപെട്ടത്. അതിന്റെ ഫലമായി കൊവിഡിനെ വരുതിയിലാക്കാൻ സാധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റ മൂർധന്യഘട്ടത്തിലാണ് പ്രതിരോധത്തിനായി ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേർന്ന് 500 കോടി നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ ട്വീറ്റ് ചെയ്തത്. ഇതേ തുടർന്ന് ടാറ്റാ ഗ്രൂപ്പ് പ്രതിനിധികൾ സർക്കാരുമായി ബന്ധപ്പെടുകയും ആശുപത്രി നിർമ്മിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. കാസർകോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആശുപത്രി ജില്ലയിൽ തന്നെ സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. ആശുപത്രിയ്ക്കായി സർക്കാർ പൂർണ പിന്തുണയാണ് ടാറ്റാ ഗ്രൂപ്പിന് നൽകിയത്. ആവശ്യമായ അഞ്ചേക്കർ ഭൂമി ആഴ്ചകൾക്കുള്ളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കി കൈമാറിയത്. സമയബന്ധിതമായി ഏറ്റവും വേഗത്തിൽ ആശുപത്രി സമുച്ചയം നിർമ്മിച്ച് നൽകി.