train

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം വേണാട് എക്സ്‌പ്രസ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് അവസാനിപ്പിക്കരുതെന്ന് സംസ്ഥാന സർക്കാർ റെയിൽവേയോട് ആവശ്യപ്പെടും. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലത്തിന് കത്തയയ്ക്കുമെന്ന് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ പറഞ്ഞു.

രാജ്യാത്താകെ സർവീസ് നടത്തുന്നവയിൽ യാത്രക്കാർ കുറവായതിന്റെ പേരിൽ നിറുത്തലാക്കുന്ന ഏഴ് ട്രെയിനുകളിൽ മൂന്നെണ്ണവും കേരളത്തിലേതാണ്. 25 ശതമാനം യാത്രക്കാർ മാത്രമേ ട്രെയിനുകളിൽ യാത്രക്കാരായിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ ബോർഡ് ശുപാർശ നൽകിയിരിക്കുന്നത്. ഈ നിർദ്ദേശം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ദക്ഷിണ റെയിൽവേ സ്വീകരിച്ചിട്ടില്ല. കൊവിഡ് കാലത്ത് സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സർവീസുകൾ ആരംഭിച്ചതും. അതിനാൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ട്രെയിനുകൾ റദ്ദാക്കില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ എണ്ണം 25 ശതമാനം മാത്രമേയുള്ളൂ എന്ന കണക്കിലും സംസ്ഥാന സർക്കാരിന് സംശയമുണ്ട്.

റദ്ദാക്കിയാൽ തിരുവനന്തപുരത്തേക്ക് ട്രെയിനില്ല

രണ്ട് ജനശതാബ്ദി ട്രെയിനുകളും വേണാടും റദ്ദാക്കിയാൽ യാത്രാക്ളേശം അനുഭവപ്പെടുന്ന കൊവിഡ് കാലത്ത് തലസ്ഥാനത്തേക്ക് ട്രെയിനുകളേ ഇല്ലാതാവും. ഈ മൂന്നെണ്ണം 12 ന് റദ്ദാക്കണമെന്ന നിർദ്ദേശം റെയിൽവേ സ്വീകരിച്ചാൽ പിന്നെ കേരളത്തിൽ രണ്ടു ട്രെയിൻ സർവീസുകൾ മാത്രം ശേഷിക്കും. അതിൽ എറണാകുളത്തു നിന്നും നിസാമുദ്ദീനിലേക്കു പോകുന്ന മംഗള സ്പെഷ്യൽ മാത്രമാണ് പ്രതിദിന ട്രെയിൻ. എറണാകുളം- ലോക്മാന്യതിലക് തുരന്തോ എക്സ് പ്രസ് പ്രതിവാര ട്രെയിനാണ്.

കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞതുകൊണ്ട് തിരുവനന്തപുരം- ന്യൂ‌ഡൽഹി രാജധാനിയും തിരുവനന്തപുരം - ഡൽഹി കുർള എക്സ്‌പ്രസും നിറുത്തി വച്ചിരിക്കുകയാണ്. 15ന് പുനരാരംഭിക്കും.