തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും തിങ്കളാഴ്ച പുനരാരംഭിക്കും. കർശന നിയന്ത്രണങ്ങളോടെയാണ് ടെസ്റ്റിനും പരിശീലനത്തിനും അനുമതി നൽകിയിട്ടുള്ളത്.
ലോക്ക് ഡൗണിന് മുമ്പ് ലേണേഴ്സ് എടുത്തവർക്കും ടെസ്റ്റിൽ പരാജയപ്പെട്ടവർക്കും മാത്രമാണ് അദ്യഘട്ടത്തിൽ അനുമതി. സാമൂഹിക അകലം പാലിച്ച് 50 ശതമാനം പേർക്കേ ടെസ്റ്റിന് അവസരമുള്ളൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ ടെസ്റ്റ് അനുവദിക്കില്ല. പനി, ചുമ എന്നിവ ഉള്ളവരെയും പ്രവേശിപ്പിക്കില്ല. 65 വയസിന് മുകളിലുള്ളവർക്കും ഗർഭിണികളെയും പങ്കെടുപ്പിക്കില്ല. റോഡ് ടെസ്റ്റിൽ ഒരാളെ മാത്രമേ പങ്കെടുപ്പിക്കൂ. മാസ്‌കും, ഫേസ് ഷീൽഡും നിർബന്ധം.
ഒരുസമയം ഒരാൾക്ക് മാത്രം പരിശീലനം. ഒാരോരുത്തരും വാഹനം ഓടിച്ച ശേഷം സ്റ്റിയറിംഗ്, ഗിയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, മിറർ, സ്വിച്ച് എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. എ.സി ഉപയോഗിക്കരുത്. ഗ്ലാസുകൾ താഴ്തി ഇടണം.