വിതുര. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിതുര പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മൂന്ന് ദിവസം കൊണ്ട് 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ ടെസ്റ്റ് ക്യാമ്പിൽ 129 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 40 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കൂടുതലും വിതുര വാർഡിൽ പെട്ടവരാണ്. വാർഡിലെ കളിയിക്കൽ മേഖലയിൽ മൂന്ന് ദിവസം മുൻപ് ഒരു വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വീട്ടമ്മയെ കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 40 പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. ഇനിയും കൂടുതൽ പേരെ പരിശോധിക്കാനുണ്ട്. ഇതിനായി വിതുര താലൂക്ക് ആശുപത്രിയിൽ ഇന്നും ആന്റിജൻ ടെസ്റ്റ് ക്യാമ്പ് നടത്തും.
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ പഞ്ചായത്തിന്റെയും, പൊലീസിന്റെയും, ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ യോഗം ചേർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പലവ്യഞ്നകടകൾ, പച്ചക്കറി, പാൽ, ബേക്കറി, ഇറച്ചി കടകൾ എന്നിവ രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നുവരെ പ്രവർത്തിക്കാവുന്നതാണ്. ബാങ്കുകളും ഉച്ചയ്ക്ക് ഒന്നു വരെ പ്രവർത്തിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ഇല്ല.