തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയിൽ വ്യാപക നാശം. നിരവധി വീടുകളാണ് കാറ്റിലും മഴയിലും തകർന്നത്. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയും നശിച്ചു. തോടുകൾ കരകവിഞ്ഞ് ഒഴുകിയതോടെ പാടശേഖരങ്ങളിൽ വെള്ളംകയറി. കാറ്രിൽ വാഴ, മരച്ചീനി, കുരുമുളക് എന്നിവയും നശിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കാൽനടയാത്രികരടക്കം വലഞ്ഞു. ഓടകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതാണ് റോഡുകളിലൂടെ വെള്ളം പരന്നൊഴുകാൻ കാരണമായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
തീരദേശമേഖലയിൽ വ്യാപക നാശം
വർക്കല: കനത്ത മഴയെ തുടർന്ന് വർക്കലയിലെ തീരദേശ മേഖലയിൽ വ്യാപക നാശം. ചിലക്കൂർ വള്ളക്കടവ് തീരമേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. അപകട സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്തെ 15 കുടുംബങ്ങളെ ചിലക്കൂർ പണയിൽ സ്കൂളിലേക്ക് മാറ്റി. ഇവിടെ ശക്തമായ കടൽക്ഷോഭവും കാറ്റുമുണ്ട്. ടി.എസ് കനാലിന്റെ ഇരുകരകളിലുമുള്ള കുടുംബങ്ങളും അപകട ഭീതിയിലാണ്. അഡ്വ.വി. ജോയി എം.എൽ.എ, വാർഡ് കൗൺസിലർ സലിം, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചിലക്കൂർ ഭാഗത്ത് ടി.എസ് കനാൽ കരകവിഞ്ഞ് റോഡിലേക്ക് ഒഴുകിയത് ഗതാഗത തടസം സൃഷ്ടിച്ചു. ശിവഗിരി തുരപ്പിൻ ഭാഗത്ത് 100 അടിയോളം ഉയരത്തിലുള്ള കുന്നിന്റെ വലിയൊരുഭാഗം ഇടിഞ്ഞുവീണു. കോളനി നിവാസികൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഉഗ്രശബ്ദത്തൊടെയാണ് കുന്നിടിഞ്ഞത്. കുന്നിൻ മുകളിലെ വീടിന്റെ പാർശ്വഭിത്തിയും ഇടിഞ്ഞു. തുരപ്പിൻ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കൂറ്റൻ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. വി. ജോയി എം.എൽ.എ, കൗൺസിലർ എസ്. പ്രസാദ്, സി.പി.എം ചെറുകുന്നം ബ്രാഞ്ച് സെക്രട്ടറി ഡി. ഷിബി, മനുരാജ്, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. ചെമ്മരുതി മുട്ടപ്പലം ബിജു നിലയത്തിൽ രമണി, മുട്ടപ്പലം സിന്ധു നിവാസിൽ ബിന്ദു, അയിരൂർ സുമാ നിവാസിൽ ലതിക, ഒറ്റൂർ മുള്ളറംകോട് ലക്ഷ്മി സദനത്തിൽ സോഫി എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു.
വർക്കലയിൽ
വർക്കല: തുടർച്ചയായ മഴയിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കല്ലണയാർ കരകവിഞ്ഞു. ആറിന്റെ ഇരുകരകളും വെളളത്തിനടിയിലായി. മൂന്നു വീടുകളിൽ വെള്ളം കയറി. പനയറ, കൂട്ടപ്പുര, കോവൂർ ഏലാകളിലെ 50 ഏക്കറോളം നെൽകൃഷി വെള്ളംകയറി നശിച്ചു. സുഭഭിക്ഷകേരളം പദ്ധതിയിൽ ഉൾപെടുത്തി നടത്തിയ കൃഷിയാണ് നശിച്ചത്. ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കട്ടപ്പുരയിൽ ആറിനു കുറുകെയുള്ള ബണ്ട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പൊട്ടിച്ച് വെളളം ഒഴുക്കിവിട്ടു.
വർക്കലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ഇടറോഡുകൾ വെള്ളത്തിൽ മുങ്ങി. തീരപ്രദേശത്ത് കടൽക്ഷോഭവവും ശക്തമാണ്. നഗരസഭയിലെ വള്ളക്കടവ്, തൊട്ടിപ്പാലം, കനാൽപുറമ്പോക്ക് എന്നിവിടങ്ങളിൽ ജനജീവിതം ദുരിതപൂർണമായി. മത്സ്യബന്ധനമേഖലയും സ്തംഭനത്തിലാണ്.
ഇടവ ഗ്രാമപഞ്ചായത്തിൽ മേക്കുളം, പുന്നകുളം, പൊട്ടക്കുളം, കാപ്പിൽ, കണ്ണമ്മൂട്, വെൺകുളം ഏലാകളിലെല്ലാം വെള്ളം കയറി. ചെറുതോടുകൾ നിറഞ്ഞൊഴുകുകയാണ്. വെട്ടൂർ ഏലാത്തോടും നിറഞ്ഞൊഴുകുന്നു. ഇലകമൺ ഗ്രാമപഞ്ചായത്തിൽ താഴ്ന്ന പ്രദേശങ്ങളും ഏലാകളും വെള്ളത്തിലായി. പോസ്റ്റാഫീസ് റോഡിൽ വെള്ളക്കെട്ടുമൂലം വാഹന ഗതാഗതം ക്ലേശപൂർണമായി. കായൽപ്പുറം, അയിരൂർ, സംഗമം ഏലാപ്രദേശങ്ങളിൽ വെളളം കയറിയിട്ടുണ്ട്. ഇടവ നടയറ കായലിൽ ജലനിരപ്പുയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്തുകൊണ്ടിരുന്ന മഴ ഇന്ന് രാവിലെയോടെയാണ് അതിശക്തമായത്.
ചിറയിൻകീഴ് താലൂക്കിൽ
ആറ്റിങ്ങൽ: ആറ്റിങ്ങൽ മാവിറവിളയിലെ പത്ത് വീടുകളിലും തോട്ടവാരത്ത് ഒരു വീട്ടിലും വെള്ളം കയറി. അവനവഞ്ചേരി കൈപ്പറ്റിമുക്കിനടുത്ത് പ്രസന്നന്റെ കിണർ മഴയിൽ ഇടിഞ്ഞുതാഴ്ന്നു. വക്കത്ത് പ്രമീളാദേവിയുടെ വീട്ടുമുറ്റത്തെ കിണറും കക്കൂസും ഇടിഞ്ഞുതാഴ്ന്നു. ആറ്റിങ്ങൽ തമ്പാനൂർ റോഡ്, കൊട്ടിയോട് ഗിരിജാ ഭവനിൽ ഗിരിജയുടെ വീടിനോടു ചേർന്ന ശുചിമുറി, കുളിമുറി , വിറകുപുര എന്നിവ മണ്ണിനടിയിലായി. എൻ.ജി.ഒ യൂണിയൻ ഓഫീസിന്റെ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകർന്നു.
നാവായിക്കുളത്ത്
കല്ലമ്പലം:ശക്തമായ മഴയിൽ നാവായിക്കുളം പഞ്ചായത്തിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. കടമ്പാട്ടുകോണം,പറകുന്ന്,ശിവപുരം,മുമ്മൂലി പാലം,ഓരനെല്ലൂർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.ദേശീയപാതയ്ക്കടുത്ത് കടമ്പാട്ടുകോണത്ത് അഞ്ച് വീടുകളിൽ തോട്ടിൽ നിന്നുള്ള വെള്ളം കയറി ഗൃഹോപകരണങ്ങളും ആഹാര സാധനങ്ങളും നശിച്ചു.കടമ്പാട്ടുകോണം സ്വദേശികളായ വൈശാഖ്, ബിനു, ലളിത,രാജേഷ്,രാധ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.കടമ്പാട്ടുകോണത്തെ മോഹനന്റെ വീടിന്റെ പരിസരം വെള്ളക്കട്ടായി.സമീപത്തുള്ള മത്സ്യക്കുളവും വെള്ളക്കെട്ടിലായി.കടമ്പാട്ടുകോണത്ത് തോടിന്റെ ഭാഗത്ത് അനധികൃതമായി നിർമ്മാണം നടന്നിരുന്നു.അതിനാലാണ് വെള്ളത്തിന്റെ ഒഴുക്കിന്റെ ഗതിമാറി സമീപ വീടുകളിൽ വെള്ളം കയറിയത്. ർക്കല താലൂക്കിൽ നിന്നും റവന്യൂ സംഘം എത്തി പരിശോധന നടത്തി.തുടർന്ന് നാവായിക്കുളം പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് അനധികൃത നിർമാണം പൊളിച്ചുനീക്കിയാതോടെ വെള്ളം ഇറങ്ങിതുടങ്ങി.
മണമ്പൂരിൽ
കല്ലമ്പലം: കനത്ത മഴയിൽ മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ വൻ കൃഷിനാശം.
പണയറക്കോണം ഗ്ലാഡ് ഹോക്സിൽ മുഹമ്മദ് സാലിയുടെ ഒരേക്കർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. മേൽ ഭാഗത്തെ പുരയിടത്തിൽ മഴവെള്ളം കെട്ടിനിന്ന് മണ്ണിടിച്ചിൽ ഉണ്ടാകുകയും ശക്തിയോടെ വെള്ളവും മണ്ണും താഴോട്ട് ഒഴുകുകയും ചെയ്തതോടെയാണ് മരച്ചീനി, വഴ, ചേമ്പ്, ചേന, തെങ്ങ്, പച്ചക്കറികൾ മുതലായവ നശിച്ചത്. പ്രവാസി ജീവിതം മതിയക്കിയാണ് മുഹമ്മദ് സാലി കൃഷിയിലേക്ക് തിരിഞ്ഞത്. എട്ട് ലക്ഷം രൂപയുടെ കൃഷി നശിച്ചതായി മുഹമ്മദ് സാലി പറഞ്ഞു.
വ്യാപക കൃഷിനാശം
കല്ലമ്പലം: മഴയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പറകുന്ന് ഓരനെല്ലൂർ പാടശേഖരത്തിൽ വ്യാപക കൃഷി നാശം. സമീപത്തുകൂടി ഒഴുകുന്ന പുഴയിൽ നിന്നുള്ള വെള്ളം കരകവിഞ്ഞ് പാടത്തേക്ക് കയറിയതാണ് കൃഷി നാശത്തിന് കാരണമായത്. വെള്ളം പാടത്തു നിന്ന് ഒഴുക്കിവിടാൻ തോടില്ലാത്തതിനാലാണ് അവിടെത്തന്നെ കെട്ടിനിൽക്കുന്നതെന്നാണ് കർഷകർ പറയുന്നത്. പാടശേഖരസമിതി പ്രസിഡന്റ് മുരളീധരകുറുപ്പ്, ആർ. വാസുദേവകുറുപ്പ്, അനൂപ്, തുളസീഭായി അമ്മ, കനകമ്മ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. സമീപത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.
റോഡുകൾ വെള്ളക്കെട്ടുകളായി
വക്കം: തോരാമഴയിൽ റോഡുകൾ വെള്ളക്കെട്ടായി. കഴിഞ്ഞ ദിവസങ്ങിൽ തുടർച്ചയായി പെയ്ത മഴയാണ് വെള്ളക്കെട്ടിന് കാരണമായത്. തോടുകൾ പലതും കരകവിഞ്ഞൊഴുകി. റോഡുകളിലൂടെ കാൽനടയാത്രപോലും ദുഃസഹമായ അവസ്ഥയാണ്. കവലയൂർ ജംഗ്ഷന് സമീപം നൂറ് മീറ്ററിലധികം സ്ഥലത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. രണ്ടടിയോള്ളം ഉയരത്തിൽ റോഡിൽ വെള്ളം നിറഞ്ഞതോടെ ചെറുവാഹനങ്ങളിലുള്ള യാത്രയും ബുദ്ധിമുട്ടിലായി. ഓകൾ പലതും നിറഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.