market

കൊച്ചി: ഒടുവിൽ, എറണാകുളം മാർക്കറ്റ് നവീകരണത്തിന് ജീവൻ വയ്ക്കുന്നു. ഇതിന് മുന്നോടിയായി നിലവിലെ കച്ചവടക്കാരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മാർക്കറ്റിന് തൊട്ടടുത്തുള്ള 1.25 ഏക്കർ വരുന്ന സ്ഥലത്തേക്കാണ് ഇവരെ മാറ്റുന്നത്. 213 കച്ചവടക്കാരെയാണ് മാർക്കറ്റിന് തൊട്ടടുത്തുള്ള സ്ഥലത്തേക്ക് മാറ്റുന്നത്. രണ്ടു വർഷത്തിനുള്ളിൽ പുതിയ മാർക്കറ്റ് പൂർത്തിയാക്കി കച്ചവടക്കാരെ തിരിച്ചെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കച്ചവടത്തിനായി ഇവിടെ സ്റ്റീൽ കൊണ്ടുള്ള താത്കാലിക സ്റ്റാളുകൾ നിർമ്മിക്കും. സാധനങ്ങൾ ഇറക്കാനും കയറ്റാനുമുള്ള സൗകര്യമുണ്ടാവും. 4.98 കോടി രൂപയാണ് പദ്ധതിതുക. മേരിമാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ടെൻഡർ നടപടി ക്രമങ്ങളിലൂടെയാണ് ഈ ഏജൻസിയെ തിരഞ്ഞെടുത്തത്. രണ്ടര മാസത്തിനുള്ളിൽ താത്കാലിക സംവിധാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് ( സി.എസ്.എം.എൽ) സി.ഇ.ഒ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.

തുണയായത് കോടതിവിധി

വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ തർക്കംനിലനിൽക്കുന്ന ഭൂമിയായതിനാൽ കച്ചവടക്കാരെ ഇങ്ങോട്ടു മാറ്റുന്നതിനുള്ള നീക്കങ്ങൾ അനിശ്ചിതമായി നീളുകയായിരുന്നു. സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ കച്ചവടക്കാരെ താത്കാലികമായി മാറ്റാൻ കണ്ടെത്തിയ വഖഫ് സ്ഥലം എത്രയും വേഗം കൊച്ചി സ്മാർട്ട് മിഷന് കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചതോടെയാണ് മാർക്കറ്റ് നവീകരണത്തിന് വീണ്ടും ചിറക് മുളച്ചത്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മാർക്കറ്റിന്റെ മുഖച്ഛായ മാറും.മേരിമാതാ ഇൻഫ്രാസ്ട്രക്ചറിന് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള കരാർ നൽകിയതിലൂടെ മാർക്കറ്റ് നവീകരണത്തിന്റെ ആദ്യ പടിയിലേക്ക് കടന്നിരിക്കുകയാണ്. കഴിയുന്നത്ര വേഗത്തിൽ നിലവിലുള്ള സ്റ്റാളുകളെ താത്കാലിക സംവിധാനത്തിലേക്ക് മാറ്റും.

ജാഫർ മാലിക്ക്, സി.ഇ.ഒ

സി.എസ്.എം.എൽ