women

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ മോശപ്പെട്ട പദപ്രയോഗം നമ്മുടെ രാഷ്ട്രീയക്കാരുടെ പതിവു പരിപാടിയായി മാറുന്നു. ഒരു കക്ഷിയും അതിൽ പിന്നിലല്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അവസാനം വെടി പൊട്ടിച്ച് വിവാദം ക്ഷണിച്ചു വരുത്തിയത്.

കൊവിഡ് ക്വാറന്റൈനിലായിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചത് എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകനാണെന്ന് മാദ്ധ്യമപ്രവർത്തകൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചപ്പോൾ ചെന്നിത്തലയുടെ മറുപടിയാണ് പൊല്ലാപ്പായത്. ഡി.വൈ.എഫ്.ഐക്കാർ മാത്രമേ പീഡിപ്പിക്കാവൂവെന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ കമന്റ്. ചെന്നിത്തലയ്ക്കെതിരെ പലകോണുകളിൽ നിന്ന് പ്രതിഷേധമുയരുകയാണ്.

തിരിഞ്ഞു നോക്കിയാൽ സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിച്ച പല പ്രമുഖരുടെയും പേരു കാണാം. വനിതാ സംഘടനകളുടെ പ്രതിഷേധം ശക്തമാകുമ്പോൾ മനപ്പൂർവമല്ലാതെ സംഭവിച്ചതെന്നോ,​ നാവു പിഴയെന്നോ ഒക്കെ പറഞ്ഞ് തലയൂരിയതാണ് ചരിത്രം. ന്യായീകരിക്കാനും ചിലർ ഒരുമ്പെട്ടു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്ന മന്ത്രി കെ.കെ.ശൈലജയെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചത് റോക്ക് സ്റ്റാർ,​ നിപ്പ രാജകുമാരി എന്നൊക്കെയാണ്. അതിന്റെ പുകിൽ കെട്ടടങ്ങിയപ്പോഴാണ് ചെന്നിത്തലയുടെ പ്രയോഗത്തിലൂടെ കോൺഗ്രസ് വീണ്ടും സമ്മർദ്ദത്തിലായത്.

വിതുര പീഡനക്കേസ് ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ കൊളുത്തിവിട്ട തീ ഇമ്മിണി വലുതായിരുന്നു. പെണ്ണുള്ളിടത്ത് പെൺവാണിഭവുമുണ്ടാകുമെന്നായിരുന്നു നായനാരുടെ കമന്റ്. അതോടെ പെൺപട ഇളകി. നായനാരുടെ സ്വതസിദ്ധമായ ശൈലിയിലും നിഷ്കളങ്ക ഭാവത്തിലുമുള്ള മറുപടിയിൽ പ്രതിഷേധം കെട്ടടങ്ങി.

മന്ത്രി എം.എം. മണി പതിവ് ശൈലിയിൽ മുമ്പ് വച്ചുകാച്ചി,​ പോളിടെക്നിക്കിലെ പ്രിൻസിപ്പലും പെമ്പിളൈ ഒരുമൈ സമരക്കാരും മറ്റേപ്പണിയാണ് നടത്തിയതെന്ന്. മണി അതിനെ മണിച്ചിരികൊണ്ടൊതുക്കി.

തിരഞ്ഞെടുപ്പ് വേളയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയ രമ്യാ ഹരിദാസിന് നേരെ നീല പ്രയോഗം നടത്തിയത് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. അത് തിരഞ്ഞെടുപ്പ് തോൽവിക്കു വഴിവച്ചെന്ന കോലാഹലം പാർട്ടിയിൽ ഏറെ നാൾ നീണ്ടു.

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ മത്സരിച്ചപ്പോൾ മന്ത്രി ജി.സുധാകരൻ വിശേഷിപ്പിച്ചത് പൂതന എന്ന്. അത് വിവാദമായപ്പോൾ മന്ത്രി തന്റെ പ്ര‌യോഗത്തെ വിശദീകരിച്ച് കല്ലിനും മുള്ളിനും കേടില്ലാത്ത രീതിയിലാക്കി.

സിന്ധു ജോയി പാർട്ടി വിട്ടപ്പോൾ വി.എസ് നർമ്മരസം കലർത്തി നടത്തിയ പ്രയോഗവും പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് കാണിച്ച് ബി.ജെ.പി മുൻ പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, നടൻ കൊല്ലം തുളസി, ശബരിമല തന്ത്രി എന്നിവർക്കെതിരെ രണ്ട് വനിതാ അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചു.

എം.എൽ.എമാരായ അയിഷാപോറ്റി, യു.പ്രതിഭ, വീണാജോർജ് എന്നിവരെ അധിക്ഷേപിച്ച് പ്രസംഗിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ബി.ജെ.പി കൊല്ലം ജില്ലാ സെക്രട്ടറി വയയ്ക്കൽ സോമനെ പൊലീസ് അറസ്റ്റ് ചെയ്തത് മറ്റൊരു സംഭവം. ഇങ്ങനെ പറഞ്ഞുപോയാൽ ഒരുപാടുണ്ട് പറയാൻ.