1

കുളത്തൂർ: എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ പേരിൽ അധികൃതർ നടപ്പിലാക്കുന്ന ഗതാഗത നിയന്ത്രണങ്ങളിൽ വലയുകയാണ് സാധാരണക്കാർ.റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്ന നൂറുകണക്കിന് വാഹനയാത്രക്കാരും മഴക്കാറ് കണ്ടാൽ തോടായിമാറുന്ന ഐ.ടി.മേഖലയിലെ റോഡുകളും സ്ഥിരം കാഴ്ചകളാണ്. ടെക്നോപാർക്കിന് സമീപത്തെ സർവീസ് റോഡും സമീപ പ്രദേശങ്ങളും ചെറിയ ഒരു ചാറ്റൽ മഴ ഉണ്ടായാൽ പോലും തോടായി മാറി സമീപ പ്രദേശത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പ്രധാന റോഡ് പൂർണമായി അടച്ചിട്ടശേഷം സർവീസ് റോഡുകൾ വഴിയാണ് ഇപ്പോൾ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. കുപ്പികഴുത്തുപോലുള്ള സർവീസ് റോഡുകളാവട്ടെ അടിമുടി തകർന്ന് വെള്ളവും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്.കൊവിഡ് കാലമായതിനാൽ വാഹനങ്ങൾ കുറവായിരുന്നിട്ടും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ കിടക്കുന്നത് നിത്യസംഭവമാണ്.

വെള്ളപ്പൊക്കത്തിൽ...

ടെക്നോപാർക്ക് ജിഞ്ചർ ഹോട്ടലിന് എതിർവശത്തെ സർവീസ് റോഡും വൺവേ സംവിധാനത്തിലാണ്. തിരുവനന്തപുരത്തു നിന്ന് കഴക്കൂട്ടം ഭാഗത്തെക്ക് വൺവേ സംവിധാനമുള്ള ഈ റോഡ് മഴക്കാലത്ത് സ്ഥിരമായി അടച്ചിടുന്നതിന് പ്രധാന കാരണം ചെറിയ ചാറ്റൽ മഴയത്തും ഇവിടത്തെ ഒരാൾ പൊക്കമുള്ള ഓടയും സർവീസ് റോഡും നിറഞ്ഞു ഒന്നായി കിടക്കുന്നതാണ്. ഈ ഭാഗത്തെ വീടുകളും സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങുന്ന സാഹചര്യം ഉണ്ടായിട്ടും ഇതുവരെ പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 11 കെ വി. ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളിൽ എടുത്തിട്ടുള്ള കുഴികൾ വേണ്ടരീതിയിൽ മൂടാതെ യാതൊരു അപകട സൂചനകളും സ്ഥാപിക്കാതെ മഴത്ത് വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.

പ്രശ്നം ഗുരുതരം

മുൻപ് ഈ ഭാഗത്തെ മഴവെള്ളം തെറ്റിയാറിലേക്കും കുളങ്ങര ഭാഗത്തേക്കും പോകാൻ സൗകര്യമുണ്ടായിരുന്നു. ബൈപാസ് പാതയിരട്ടിപ്പിക്കൽ സമയത്ത് ഈ സംവിധാനങ്ങളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടു. എന്നാൽ പകരം സംവിധാനം ഒരുക്കിയതുമില്ല. കാലവർഷം കനത്താൽ റോഡുകൾ അപ്പാടെ തകരുമെന്ന് ഉറപ്പാണ്.

 കഴിഞ്ഞ ദിവസം മാത്രം ഉണ്ടായത് 20 ലേറെ അപകടങ്ങൾ