നെടുമങ്ങാട്: നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രദേശമായ കുശർക്കോട് വാർഡിലെ പാളയത്തിൻ മുകളിൽ ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ കാവ്നട - കന്യാകോട്, കുന്നുംപുറം - പാളയത്തിൻകുഴി റോഡുകളും പാളയത്തിൻമുകൾ കുടിവെള്ള പദ്ധതിയും യാഥാർത്ഥ്യമായി. കാവുനട - കന്യാകോട് റോഡ് 43 ലക്ഷവും കുന്നുംപുറം - പാളയത്തിൻകുഴി റോഡ് 26.75 ലക്ഷം രൂപയും ചെലവിട്ടാണ് നിർമ്മിച്ചത്. സംരക്ഷണ ഭിത്തിയും പാലവും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. നടവരമ്പ് മാത്രമായിരുന്ന കാവ്നട റോഡ് നാല് ഘട്ടമായും, നടവഴി പോലും ഇല്ലാതിരുന്ന പാളയത്തിൻ കുഴിയിൽ മൂന്ന് ഘട്ടവുമായാണ് റോഡ് നിർമ്മിച്ചത്. ടാർ ഉരുക്കാതെ പ്രത്യേകതരം കോള ഉപയോഗിച്ചുള്ള കോൾഡ് ടാറിംഗ് ടെക്നോളജിയാണ് ഉപയോഗിച്ചത്. 24.5 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച പാളയത്തിൻമുകൾ കുടിവെള്ള പദ്ധതിയും കുശർകോട് വാർഡിലാണ്.