a

കടയ്ക്കവൂർ: ഗതാഗതത്തിരക്കേറിയ ആലംകോട്-അഞ്ചുതെങ്ങ് റോഡിന്റെ പുനരുദ്ധാരണം ചുവപ്പുനാടയിൽ കുടുങ്ങി. മണമ്പൂർ, മണനാക്ക്, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ, കവലയൂർ, പേരേറ്റ്, ചെറുന്നിയൂർ, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ആശ്രയിക്കുന്ന റോഡിന്റെ ജോലികളാണ് പ്രാരംഭ നടപടികൾക്ക് ശേഷം കടലാസിൽ വിശ്രമിക്കുന്നത്. തിരക്കേറിയ റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇത് പരിഹരിക്കണമെന്ന ജനങ്ങളുടെ നീണ്ടനാളായുള്ള ആവശ്യത്തെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിഷയത്തിൽ ഇടപെടുകയും കിഫ്ബിയിൽ നിന്ന് റോഡിനായി 30.6 കോടി രൂപ അനുവദിക്കുകയുമായിരുന്നു. ടെൻഡർ നടപടികളും പൂർത്തിയായെങ്കിലും രണ്ട് വർഷമായി മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. ഇതോടെയാണ് നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായത്. റോഡിനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിച്ച് അടിയന്തരമായി റോഡിന്റെ പുനരുദ്ധാരണം ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

ചരക്കുവാഹനങ്ങളും അനവധി

നിലയ്ക്ക്മുക്ക്, വക്കം, കടയ്ക്കാവൂർ ചെക്കാല വിളാകം, തുടങ്ങിയ ചന്തകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും ചരക്ക് എത്തിക്കുന്ന വാഹനങ്ങൾ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

വക്കം ഗ്യാസ് ഏജൻസിയിലേക്ക് ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നതും ഈ റോഡിലൂടെ തന്നെ.

തിരുവനന്തപുരം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ അഞ്ചുതെങ്ങിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് മത്സ്യമെത്തിക്കുന്ന ലോറികളും ആറ്റിങ്ങൽ, മണനാക്ക്, വർക്കല, ആലകോട്, കടയ്ക്കാവൂർ, ചിറയിൻകീഴ് ഭാഗങ്ങളിലേക്കുള്ള ബസുകളും സഞ്ചരിക്കുന്ന റോഡിനെയാണ് അധികൃതർ അവഗണിക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്.

................................

കടയ്ക്കാവൂർ നിവാസികൾക്ക് മാത്രമല്ല. പരിസര പ്രദേശങ്ങളിലുള്ള ഒട്ടനവധി ജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഈ റോഡിന്റെ പുനരുദ്ധാരണം. റോഡ് അടിയന്തരമായി പുനരുദ്ധരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

അക്ഷയ, കടയ്ക്കാവൂർ

റോഡ് നവീകരണം: 9 മീറ്റ‌ർ വീതിയിൽ

റോഡിനിരുവശവും നടപ്പാത

വൈദ്യുതി ലൈനുകളും മാറ്റി സ്ഥാപിക്കണം

ഓടകളും നിർമ്മിക്കണം

അനുവദിച്ചത്: 30.6 കോടിരൂപ

ഫണ്ട്: കിഫ്ബിയിൽ നിന്ന്

നിർമ്മാണം മുടങ്ങിയിട്ട്: 2 വർഷം