വെഞ്ഞാറമൂട്: പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ ധൂളിക്കുന്ന് കോളനിയിലേക്കുള്ള കാൽനടയാത്ര ദുഷ്‌കരമായതായി പരാതി. കരിങ്കുറ്റികര വഴി ധൂളിക്കുന്ന് കോളനിയിലേക്കുള്ള റോഡിലെ ചേപ്പിലോട് കലുങ്ക് പാലത്തിന്റെ അനുബന്ധ ജോലി പൂർത്തിയാകാത്തതാണ് പ്രശ്നമായത്. 50 കുടുംബങ്ങളാണ് ധൂളിക്കുന്ന് കോളനിയിലുള്ളത്.
കോളനിയിലേക്ക് യാത്രാ സൗകര്യമൊരുക്കാൻ പ്രദേശവാസികൾ പണം സ്വരൂപിച്ച ഒന്നരലക്ഷം രൂപയ്‌ക്ക് ഒരു കിലോമീറ്റർ ദൂരത്തിലും മൂന്ന് മീറ്റർ വീതിയിലും റോഡ് നിർമ്മിച്ചിരുന്നു. ഈ റോഡിനെ ചേപ്പിലോട് ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന കലുങ്ക് പാലം തകർച്ചയിലായപ്പോഴാണ് 2018 - 2019 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി മൂന്ന് മീറ്റർ വീതം വീതിയിലും നീളത്തിലും പുതിയത് നിർമ്മിച്ചത്. ചേപ്പിലോട് ജംഗ്ഷനിൽ നിന്നുള്ള റോഡിൽ നിന്ന് രണ്ട് മീറ്റർ ഉയരത്തിലാണ് പാലമുള്ളത്. ഇത് മണ്ണിട്ട് നികത്താത്തതും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഗതാഗതമെത്താത്ത കോളനി
ഗതാഗത സൗകര്യങ്ങളൊന്നുമില്ലാത്തതാണ് ധൂളിക്കുന്ന് കോളനിയുടെ വികസനത്തിന്റെ പ്രധാന തടസം. കോളനിയിൽ നിന്ന് അസുഖബാധിതരെ ചാക്കുകട്ടിലിൽ ചുമന്ന് ചേപ്പിലോട് റോഡിലെത്തിച്ചാലേ ആശുപത്രിയിലെത്തിക്കാൻ കഴിയൂ. ചേപ്പിലോട് കലുങ്ക് പാലത്തിനോടനുബന്ധിച്ചുള്ള ബണ്ട് റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി തങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ധൂളിക്കുന്നിൽ ഇങ്ങനെ
ജനങ്ങൾ നിർമ്മിച്ച റോഡിന്റെ ദൂരം- 1 കി.മീ.
ചെലവ്- 1.5 ലക്ഷം രൂപ
കലുങ്ക് പാലത്തിൻെറ നീളം- മൂന്ന് മീറ്റർ
അടങ്കൽ തുക- 2.5 ലക്ഷം രൂപ
പാലം സ്ഥിതിചെയ്യുന്നത്- രണ്ട് മീറ്റർ ഉയരത്തിൽ
'പാലത്തിന് ഇരുവശവും മണ്ണിട്ട് നികത്തുന്നതിലുള്ള നടപടി സ്വീകരിക്കും. 2020 - 2021 സാമ്പത്തിക വർഷത്തിൽ അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്".
- ബി. അസീന ബീവി, പ്രസിഡന്റ്, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്
'ചേപ്പിലോട് കലുങ്ക് പാലത്തിന്റെ ഇരുവശവും മണ്ണിട്ട് നികത്തി ജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം".
- എസ്.ആർ. രജികുമാർ,
പ്രസിഡന്റ്, ബി.ജെ.പി വാമനപുരം നിയോജക മണ്ഡലം