പാറ്റ്ന: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ ബീഹാർ എൻ.ഡി.എയിൽ ഭിന്നത നീറുന്നു. ജെ.ഡി.യുവും എൽ.ജെ.പിയും തമ്മിലാണ് പോര് രൂക്ഷമായത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സഖ്യകക്ഷിയായ എൽ.ജെ.പി നിലപാട് കടുപ്പിച്ചതാണ് പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നത്. നടൻ സുശാന്ത്സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഞ്ച് മിനിറ്റ് സംസാരിച്ചതല്ലാതെ നിതീഷ് കുമാറുമായി തനിക്ക് കഴിഞ്ഞ ഒരു വർഷമായി യാതൊരു ബന്ധവുമില്ലെന്ന് എൽ.ജെ.പി അദ്ധ്യക്ഷൻ ചിരാഗ് പസ്വാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന എൽ.ജെ.പി പാർലമെന്ററി ബോർഡ് യോഗത്തിൽ ബീഹാറിൽ എൻ.ഡി.എ മുന്നണിയിൽ നിന്നു കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടണോ എന്ന വിഷയത്തിൽ ചർച്ച നടന്നു. രാംവിലാസ് പസ്വാന്റെ മകനായ ചിരാഗ് പസ്വാൻ, ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ നിശിതമായി വിമർശിക്കുകയും സർക്കാർ പൂർണ്ണ പരാജയമാണെന്ന് ആരോപിക്കുകയും ചെയ്തു. കൊവിഡും വെള്ളപ്പൊക്കവും മൂലമുണ്ടായ പ്രതിസന്ധിയെ നേരിടുന്നതിൽ നിതീഷ് കുമാർ പരാജയപ്പെട്ടെന്നും ആരോപിച്ചു. മന്ത്രിസഭയിൽ എൽ.ജെ.പിക്ക് പ്രാതിനിദ്ധ്യമില്ലെന്ന വിഷയം പരിഹരിച്ചില്ലെന്ന പരാതിയും ഉയർത്തി. ബി.ജെ.പിയുമായുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടാത്ത വിധമാണ് എൽ.ജെ.പി, ജെ.ഡി.യുവുമായുള്ള അഭിപ്രായവ്യത്യാസം പ്രകടമാക്കുന്നത്.
ചിരാഗ് പസ്വാന്റെ അഭിപ്രായങ്ങൾക്ക് ജെ.ഡി.യു നേതാക്കൾ വില കല്പിക്കുന്നില്ലെന്നതാണ് എൽ.ജെ.പിയുടെ മറ്റൊരു പരാതി. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന നടപടിയെന്നാണ് പാർട്ടി നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്. രാംവിലാസ് പസ്വാന്റെ കാലത്തും നിതീഷ് കുമാറുമായുള്ള ബന്ധം പല തവണ ആടിയും ഉലഞ്ഞും ആയിരുന്നുവെന്നത് വസ്തുതയാണ്.
സംസ്ഥാനത്തെ ദളിത് വിഭാഗത്തിന്റെ മുഖമായാണ് എൽ.ജെ.പിയെ കാണുന്നതെങ്കിലും നിതീഷ് കുമാർ അടുത്തിടെ മഹാദളിത് വിഭാഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് നടത്തിയ പ്രഖ്യാപനത്തിന് പസ്വാന്റെ സമുദായത്തിൽ തന്നെ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് തങ്ങളുടെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമോ എന്ന ആശങ്ക എൽ.ജെ.പി ക്യാമ്പിലുണ്ടാക്കി. ഇതിനെ പ്രതിരോധിക്കാനെന്നവണ്ണം എൽ.ജെ.പി പുറത്തിറക്കിയ പരസ്യങ്ങളിൽ ''മതമോ ജാതിയെ ഇല്ലാതെ ഞങ്ങൾ എല്ലാവരെയും കാണും'' എന്ന ആശയത്തിന് ഊന്നൽ നൽകി.
ഏതാണ് ആ വഴി?
എൻ.ഡി.എ മുന്നണിയിൽ നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതിനൊപ്പം കൂടുതൽ സീറ്റുകൾക്കായി സമ്മർദ്ദം ചെലുത്തുക എന്നതാണ് ആദ്യപോംവഴിയായി എൽ.ജി.പി പാർലമെന്ററി പാർട്ടി ബോർഡ് യോഗം കണ്ടത്. മുന്നണിയിൽ നിന്ന് പുറത്ത് കടന്ന് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് രണ്ടാമത്തെ വഴി. പകുതിയോളം സീറ്റുകളിൽ ബി.ജെ.പിയോട് നേരിടാതെ ജെ.ഡി.യു സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുകയെന്നതാണ് ലക്ഷ്യം.
നോട്ടം മുഖ്യമന്ത്രി കസേരയിൽ
20 വർഷത്തെ എൽ.ജെ.പിയുടെ ചരിത്രത്തിൽ രാഷ്ട്രീയ സ്ഥിരത ഒരിക്കൽ പോലുമുണ്ടായിട്ടില്ല എന്നതാണ് വസ്തുത. ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് രാം വിലാസ് പസ്വാൻ 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആർ.ജെ.ഡിയുമായി ചേർന്നാണ് മത്സരിച്ചത്. 2005ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് ആർ.ജെ.ഡിക്കെതിരെ മത്സരിച്ചു. 2009ലും 2010ലും ആർ.ജെ.ഡിക്കൊപ്പം നിന്നു. 2014ൽ എൻ.ഡി.എക്കൊപ്പം ചേർന്നു.
എൽ.ജെ.പിക്ക് കൂടുതൽ സീറ്റ് ലഭിക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ജെ.പി ജയിച്ചത് രണ്ടു സീറ്റ് മാത്രമാണ്. അതിനു മുമ്പു നടന്ന തിരഞ്ഞെടുപ്പിൽ ലഭിച്ചത് മൂന്നു സീറ്റ്. കൂടുതൽ സീറ്റു നൽകുന്നതിൽ ജെ.ഡി.യു വിമുഖത കാണിക്കുന്നതിന് കാരണമിതാണ്. അതേസമയം, കേന്ദ്രനേതാക്കളുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ കഴിയൂ എന്നതാണ് ബി.ജെ.പി നേതാക്കളുടെ നിലപാട്. 243 സീറ്റുകളിൽ ബി.ജെ.പിയും ജെ.ഡി.യുവും ചേർന്ന് 200 സീറ്റുകൾ എടുക്കുകയാണെങ്കിൽ എൽ.ജെ.പിക്ക് പ്രതീക്ഷിക്കാവുന്നത് 36 സീറ്റ് മാത്രമാണ്. എൽ.ജെ.പി ചെയർമാൻ സ്ഥാനത്ത് കഴിഞ്ഞ വർഷം എത്തിയ ചിരാഗ് പസ്വാന്റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമാണ്. 2025 ലെ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യം.