തിരുവനന്തപുരം: സർക്കാർ വാഗ്ദാനം ചെയ്ത ശമ്പളം സാലറി കട്ടിൽ ഉൾപ്പെടുത്തി കുറയ്ക്കില്ലെന്നും പൂർണമായും നൽകുമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നൽകിയ പശ്ചാത്തലത്തിൽ ജൂനിയർ ഡോക്ടർമാർ രാജി തീരുമാനത്തിൽ നിന്ന് പിന്മാറി.
എന്നാൽ,കൊവിഡ് പശ്ചാത്തലത്തിൽ മൂന്നു മാസത്തേക്ക് നിയമിതരായ ഇവരുടെ സേവന കാലാവധി നീട്ടേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. താല്പര്യമുള്ളവർക്ക് കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്ത് സേവനം തുടരാം.അടുത്ത മാസം 10ന് എല്ലാവരുടെയും കാലാവധി അവസാനിക്കും
താല്ക്കാലിക നിയമനം ലഭിച്ച 868 ഡോക്ടർമാർക്ക് 42000 രൂപ വീതം മൂന്ന് മാസത്തെ മുഴുവൻ ശമ്പളവും നൽകുമെന്നാണ് മന്ത്രി വാക്കാൽ നൽകിയ ഉറപ്പ്.
സാലറി ചലഞ്ചിൽ ഉൾപ്പെടുത്തി ആറ് ദിവസത്തെ ശമ്പളവും ആദായ നികുതിയും പിടിച്ചു കഴിഞ്ഞപ്പോൾ ഒരു മാസത്തെ ശമ്പളമായി 27000 രൂപയാണ് ഇവർക്ക് ലഭിച്ചത്.
ഈ പോരായ്മ പരിഹരിച്ച് ഉത്തരവ് ഇറക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
വെട്ടിക്കുറച്ച പണം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ശമ്പളവിതരണം കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നതിനാൽ അത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല. ധനകാര്യ വകുപ്പുമായി ചർച്ച ചെയ്യാമെന്നാണ് മന്ത്രി കേരള ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനെ അറിയിച്ചത്.