health

ഗന്ധം,​ അത് സുഗന്ധമായാലും ദുർഗന്ധമായാലും മനുഷ്യമനസിനെ മാറ്റിമറിക്കാൻ കഴിയും. ദേഷ്യം മൂത്ത് നിൽക്കുന്ന ഒരാളുടെ മൂക്കിലേക്ക് പനിനീർപ്പൂവിന്റെ സുഗന്ധം ഒഴുകിയെത്തിയാൽ ആളാകെ തണുത്ത് സൗമ്യത വിരിയും. അതുപോലെ സൗമ്യനായിരിക്കുന്ന ആളിന്റെ അടുത്തുകൂടി ദുർഗന്ധം പരത്തിക്കൊണ്ട് ഒരു ചവറ് വണ്ടി കടന്നുപോകുന്നുവെന്ന് കരുതുക,​ എന്തായിരിക്കും സ്ഥിതി! ഇതുതന്നെയാണ് ഗന്ധത്തിന്റെ ശക്തി. മനസിനെ തണുപ്പിക്കുന്ന പുഷ്പ സുഗന്ധങ്ങളെ സൗന്ദര്യ-ആരോഗ്യ സംരക്ഷണത്തിനായി ആധുനിക ലോകം ഉപയോഗിക്കുന്നുണ്ട്.

പൂക്കളുടെ ദളങ്ങൾ,​ വിത്തുകൾ,​ ഇലകൾ,​ തണ്ടുകൾ എന്നിവയിലെല്ലാം തൈലങ്ങളുണ്ട്. സസ്യകോശത്തിനകത്തുള്ള ഈ തൈലങ്ങളാണ് സസ്യങ്ങളിലെ അപകടകാരികളായ രോഗാണുക്കളെ തുരത്തുന്നതിനും അന്തരീക്ഷ ഊഷ്മാവ്, ബാഷ്പം എന്നിവയിലെ വ്യത്യാസം തുലനം ചെയ്യുന്നതിനും സഹായിക്കുന്നത്. തൈലം ദേഹത്ത് പുരട്ടുകയോ ആവികൊള്ളുകയോ ചെയ്ത് രോഗാണു നശീകരണത്തിനായി ഉപയോഗപ്പെടുത്തുന്നതാണ് സുഗന്ധ ചികിത്സയെന്ന അരോമ തെറാപ്പി.

തുടക്കം ഈജിപ്തിൽ

അരോമ തെറാപ്പിയുടെ ചരിത്രം തുടങ്ങുന്നത് ബി.സി 1580-ൽ ഈജിപ്തിൽ നിന്നാണ്. തൈലങ്ങൾക്ക് ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തിയതും അവർ തന്നെ. സെഡാർ മരത്തിന്റെ തൈലമാണ് മമ്മികളിൽ പുരട്ടി
സൂക്ഷിക്കുന്നത്. എന്നാൽ,​ സുഗന്ധ തൈലങ്ങളുടെ ഔഷധ ഉപയോഗവും അരോമ തെറാപ്പിയും കണ്ടെത്തിയത് ഫ്രഞ്ചുകാരനായ റെനെമോറിസ് ഗട്ടെഫോസെയാണ്. പെർഫ്യൂം ലാബിൽ വച്ച് കൈ പൊള്ളിയപ്പോൾ ഗട്ടെഫോസെ കർപ്പൂര തൈലം പുരട്ടി ദിവസങ്ങൾക്കകം പാടുപോലും ശേഷിക്കാതെ പൊള്ളൽ സുഖപ്പെട്ടു. അതായിരുന്നു അരോമ തെറാപ്പിയുടെ പിറവി.

തെറാപ്പി മൂന്നു വിധം

സൗന്ദര്യവർദ്ധക തെറാപ്പി: മുഖം, തൊലി, ശരീരം, കോശം എന്നിവയുടെ സൗന്ദര്യത്തിന് സുഗന്ധതൈലങ്ങൾ ഉപയോഗിച്ചുവരുന്നു. മൃദുവായതും തിളങ്ങുന്നതുമായ ചർമ്മത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്. ചില സ്‌പ്രേകളിലും സുഗന്ധ തൈലങ്ങൾ ഉപയോഗിക്കുന്നുണ്ട്

മസാജ് തെറാപ്പി: തൊലിപ്പുറത്ത് തടവി പിടിപ്പിച്ച് ശരീരത്തെ ഉദ്ദീപിപ്പിക്കുന്നതാണ് മസാജ് തെറാപ്പി. തടവി പിടിപ്പിക്കുമ്പോൾ കാഠിന്യം കുറഞ്ഞ മറ്റു തൈലങ്ങൾ ചേർത്തു നേർപ്പിക്കണം. ഗ്രേപ്പ് സീഡ് ഓയിലാണ് ഇതിനു നല്ലത്. യൂക്കാലി, കറുവപ്പട്ട, റോസ്, കർപ്പൂരം തുടങ്ങിയ തൈലങ്ങൾ ഇതിനായി ഉപയോഗിക്കാം.

ഘ്രാണ തെറാപ്പി : കഫം, നീർക്കെട്ട് മുതലായ ശരീരദോഷങ്ങൾക്ക് തൈലം കൊണ്ട് ആവി കൊള്ളുമ്പോൾ ആന്തരിക ശരീരഭാഗങ്ങളെ ഉത്തേജിപ്പിക്കും. മൂന്നോ നാലോ തുള്ളി തൈലമെടുത്ത് ആവി കൊള്ളാം. പുൽത്തൈലം, യൂക്കാലി തുടങ്ങിയവ ഇങ്ങനെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ചന്ദനം മനസിനെ ശാന്തമാക്കും

ഓരോ തൈലവും വ്യത്യസ്ത അനുഭൂതികളാണ് പ്രദാനം ചെയ്യുന്നത്. ചന്ദനം മനസിന് ശാന്തത തരുമ്പോൾ പെപ്പർമിന്റ് ഏകാഗ്രത നൽകും. തൈലങ്ങൾ വെള്ളത്തിൽ ചേർത്തു കുളിച്ചാൽ നല്ല ഉന്മേഷം ലഭിക്കും. എന്നാൽ, അമിതമായി ഉപയോഗിച്ചാൽ ശ്വാസതടസം, ചുമ, മൂത്രനാളി വേദന, തലവേദന, ഛർദ്ദി, മാനസിക പിരിമുറുക്കം, ഉന്മാദം, കരൾ വീക്കം എന്നിവയുണ്ടായേക്കും.

യൂക്കാലി, കർപ്പൂര തുളസി, ഗ്രാമ്പ്, റോസ്, റോസ്‌മേരി, കർപ്പൂരവള്ളി, വെളുത്തുള്ളി, സാൽവി തുളസി, മുല്ല, ചന്ദനം എന്നിവയാണ് സുഗന്ധ തൈലത്തിന് ഉപയോഗിക്കുന്ന പ്രധാന സസ്യങ്ങൾ.

ഗ്രേപ്പ് വാട്ടർ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പെർഫ്യൂം, മൗത്ത് വാഷ്, സോപ്പ് എന്നിവയിലും സുഗന്ധതൈലങ്ങൾ ചേർക്കാറുണ്ട്. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കുന്നു.

സസ്യങ്ങളും ഗുണവും

സുഗന്ധതൈലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന സസ്യങ്ങളുടെ സൗന്ദര്യപരമായ ഉപയോഗം ഇത്തരത്തിലാണ്.

യൂക്കാലിപ്റ്റസ് : അണുനശീകരണ ശേഷിയുണ്ട്. ചർമ്മത്തിന് സൗമ്യതയും ശാന്തതയും ഉന്മേഷവും നൽകുന്നു. എണ്ണമയമുള്ള ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് നല്ലതാണ് യൂക്കാലി.

കർപ്പൂര തുളസി : പ്രകൃതിദത്ത ഹെയർ ടോണിക്കുകളിലെ പ്രധാന ചേരുവ. ഷാംപൂകളിലും ഇത് ചേർക്കുന്നുണ്ട്. മുടിക്ക് കറുപ്പ് നിറം നൽകുമെന്ന് കരുതപ്പെടുന്നു.

ഗ്രാമ്പു : ത്വക്കിലെ തടിപ്പുകളും വിണ്ടുപൊട്ടലും പരിഹരിക്കുന്നു.

കർപ്പൂരവള്ളി : ചർമ്മത്തിന് മൃദുത്വം നൽകാനും മാലിന്യം നീക്കാനും നല്ലത്. ക്ളെൻസറുകളിലെ പ്രധാന ചേരുവ.

റോസ് : ചർമ്മം മൃദുലമാക്കാനും സുഷിരങ്ങൾ അടയ്ക്കാനും റോസ് ഇതളുകളിൽ നിന്നുള്ള പനിനീർ ഉപയോഗിക്കുന്നു.

ചന്ദനം : അണുനാശിനിയാണ്. ചർമ്മസംരക്ഷണ ക്രീമുകളിലെ പ്രധാന ചേരുവ. ശരീര സൗരഭ്യത്തിന് ഉപയോഗിക്കുന്നു.

മനസിന് ഉത്തേജനം ശരീരത്തിന് സന്തോഷം

സുഗന്ധ കണങ്ങൾക്ക് മനുഷ്യശരീരത്തിലെ ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനും മാനസികോന്മേഷം നൽകാനും കഴിവുണ്ടെന്ന് ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ ചെറുക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. നാഡീവ്യവസ്ഥ, ദ്രവ്യങ്ങളുടെ ചംക്രമണ വ്യവസ്ഥ, ഗ്രന്ഥി വ്യവസ്ഥ, വിവിധ ഹോർമോണുകൾ എന്നിവയുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും വിഷാദരോഗവും മാനസിക പിരിമുറുക്കവും കുറയ്ക്കാൻ അരോമ തെറാപ്പിക്ക് കഴിയും.
തൊലിപ്പുറത്ത് പുരട്ടുന്ന തൈലങ്ങൾ. ഗ്രന്ഥികൾ വഴി ശരീരത്തിലെ പ്രധാന വ്യവസ്ഥകളിൽ എത്തിയാൽ നാഡികൾക്കും പേശികൾക്കും സുഖം നൽകും. മുറിവുകളിലും പൊള്ളലേറ്റ ഭാഗങ്ങളിലും ഉപയോഗിക്കാം. നിരോക്സീകാരി ആയതുകൊണ്ടും പ്രായാധിക്യം തടയാനുള്ള കഴിവുള്ളതുകൊണ്ടും ഇത് ഉന്മേഷദായകമാണ്.