തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ നഗരവീഥികളിൽ അമ്പാടിക്കണ്ണന്മാരുടെയും ഗോപികമാരുടെയും നൃത്തച്ചുവടുകളില്ലാതെ ശ്രീകൃഷ്‌ണജയന്തി ആഘോഷിച്ചു. ഇത്തവണ ആഘോഷങ്ങളെല്ലാം വീടുകളിൽ മാത്രമാക്കി. പദ്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് പ്രത്യേകം ചടങ്ങുകൾ ഉണ്ടായിരുന്നു. ആറ്റുകാൽ, പഴവങ്ങാടി,​ അമ്പലമുക്ക് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം,​ മരുതൻകുഴി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ഇന്നലെ ഭക്തജനത്തിരക്കുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെയും നിയോഗിച്ചിരുന്നു. ക്ഷേത്രങ്ങളിൽ പാൽപ്പായസ നിവേദ്യം ഉണ്ടായിരുന്നെങ്കിലും വിതരണം നടത്തിയില്ല. ശോഭായാത്രകൾക്ക് പകരമായി എല്ലാ വീടുകളിലും കൃഷ്ണന്റെ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിയതായി ബാലഗോകുലം ഭാരവാഹികൾ പറഞ്ഞു. കൃഷ്‌ണവിഗ്രഹത്തിൽ നിലവിളക്ക് തെളിച്ചതോടെ ഇന്നലെ ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. കൃഷ്‌ണവേഷമണിഞ്ഞ കുട്ടികൾക്ക് അമ്മമാർ അന്നമൂട്ടി. തുടർന്ന് നിവലിളക്ക് തെളിച്ച് ഗോകുല പ്രാർത്ഥനയ്ക്ക് ശേഷം ഭജനയും നടന്നു. വീടുകളിൽ മൺചിരാതുകളിൽ ദീപക്കാഴ്ച ഒരുക്കി. 7.30ഓടെ ശാന്തിമന്ത്രം ചൊല്ലി ചടങ്ങുകൾ അവസാനിച്ചു. ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് ഗാന്ധിപാർക്കിൽ നടത്താറുള്ള ഗോപികാനൃത്തം ഡിജിറ്റൽ വീഡിയോ ആൽബമാക്കി മയിൽപ്പീലി എന്ന യൂടൂബ് ചാനൽ വഴി പുറത്തിറക്കി. ഗായിക ഡോ.ബി. അരുന്ധതിയാണ് ആൽബം പ്രകാശനം ചെയ്‌തത്. ബാലഗോകുലം നഗരഅദ്ധ്യക്ഷൻ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ ശ്രീകൃഷ്‌ണ ജയന്തി സന്ദേശം നൽകി.