തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും തിരുവോണത്തലേന്ന് രാത്രി വെട്ടിക്കൊല്ലാൻ അന്തിമ ആസൂത്രണം നടന്നത് അന്ന് രാവിലെ പുല്ലമ്പാറയിലെ ഫാം ഹൗസിലും പ്രതിയായ സനലിന്റെ വസതിയിലുമാണെന്ന് വെളിപ്പെടുത്തൽ. കുറേ നാളുകൾക്ക് മുമ്പ് ഡി.വൈ.എഫ്.ഐ നേതാവ് ഫൈസലിനെ ആക്രമിച്ചതിന് പകരംവീട്ടാൻ ആയുധങ്ങളുമായി ഹഖ് മുഹമ്മദും മിഥിലാജും ഉൾപ്പെട്ടസംഘം പിന്തുടരുന്നുവെന്ന ചിന്തയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് മുഖ്യപ്രതി സജീവ് വെളിപ്പെടുത്തി. കൊല നടന്ന 30ന് രാവിലെ പത്തര മുതൽ പ്രതി ഉണ്ണിയുടെ സുഹൃത്തിന്റെ പുല്ലമ്പാറയിലെ ഫാം ഹൗസിലും തുടർന്ന് മറ്റൊരു പ്രതിയായ സനലിന്റെ വീട്ടിലും വച്ച് മദ്യപിക്കുന്ന വേളയിലാണ് അന്തിമ തീരുമാനമെടുത്ത് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിൽ പങ്കെടുത്ത ഷജിത്ത്, നജീബ്, അജിത്, സതികുമാർ എന്നിവരെ ഫാം ഹൗസിൽ എത്തിച്ച് തെളിവെടുത്തു.
പ്രതികളും കൊല്ലപ്പെട്ടവരും പ്രതികളായ കേസുകളും പൊലീസ് ചികയുകയാണ്. പ്രതികളുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കസ്റ്റഡിയിൽ വാങ്ങും
മുഖ്യപ്രതികളായ അൻസാറിനെയും ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണിയെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
കുറ്റകൃത്യം ചെയ്തവരും രക്ഷപ്പെടാൻ സഹായിച്ചവരും ഉൾപ്പെടെ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
ഷജിത്, നജീബ്, അജിത്, സതിമോൻ, സജീവ്, സനൽ, പ്രീജ എന്നിവരെ ചോദ്യം ചെയ്യാൻ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുണ്ട്. നെഞ്ചുവേദന അനുഭവപ്പെട്ട സനൽ ആശുപത്രിയിലാണ്. നാലുപേരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.
ഫോൺവിളികൾ പരിശോധിക്കും
പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺവിളികൾ പരിശോധിക്കുന്നുണ്ട്.
ഇരുപക്ഷത്തും ആയുധധാരികളായി കൂടുതൽപേർ ഉണ്ടായിരുന്നുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നത്. അത് ആരൊക്കെയെന്ന് വ്യക്തത വരുത്താനും ഗൂഢാലോചനയിലെ മറ്റു പങ്കാളികളെ കണ്ടെത്താനും ഇതു സഹായിക്കും. കൊല്ലപ്പെട്ടവർക്കൊപ്പം മൂന്നിലധികം പേരുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്തുനിന്ന് കിട്ടിയ ആയുധങ്ങളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.