തിരുവനന്തപുരം: കുട്ടികൾ ഉണ്ണിക്കണ്ണനായി വേഷമിട്ടും കൃഷ്ണസ്തുതികൾ ആലപിച്ചും വീടുകൾ തോറും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വീടുകളെ വൃന്ദാവനമാക്കിയായിരുന്നു ആഘോഷം.

കൊവിഡ് നിയന്ത്രണം കാരണം പതിവ് ശോഭായാത്ര ഉണ്ടായില്ല. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വ ശാന്തിയേകാം എന്ന സന്ദേശം വിളമ്പരം ചെയ്തായിരുന്നു ആഘോഷം.

കൃഷ്ണ കുടീരങ്ങളിൽ കുട്ടികൾ കണ്ണനെ വന്ദിച്ചും നിറക്കൂട്ടുകൾ ഒരുക്കിയും പൂക്കളമിട്ടും ആഘോഷങ്ങൾക്ക് പകിട്ടേകി.കുട്ടികൾക്ക് കൃഷ്ണവേഷത്തിൽ ഉച്ചയ്ക്ക് "കണ്ണനൂട്ട് " നൽകി.

വൈകിട്ട് ബാലികാ- ബാലന്മാരെ രാധാകൃഷ്ണ വേഷമണിയിച്ചു. കൃഷ്ണ കുടീരങ്ങളിൽ ശ്രീകൃഷ്ണവിഗ്രഹത്തിന് മുന്നിൽ ദീപം കൊളുത്തി ഭജന നടത്തി. മൺചെരാതുകൾ കൊണ്ട് വീടുകൾ ദീപാലങ്കൃതമാക്കിയിരുന്നു.

വൈകിട്ട് ആറരയ്ക്ക് ഓൺലൈനിൽ നടന്ന സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു സന്ദേശം നൽകി. ബാലഗോകുലത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. മനസ്സിന്റെ മാലിന്യമകറ്രുന്ന മഹാതീർത്ഥമാണ് ശ്രീകൃഷ്ണനെന്ന് സന്ദേശം നൽകിയ മാതാ അമൃതാനന്ദമയി പറഞ്ഞു. സർവ ചരാചരങ്ങളുടെയും സത്ത ഒന്നാണെന്ന് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. പ്രശസ്ത ഗായകരായ പി. ജയചന്ദ്രൻ, എം. ജയചന്ദ്രൻ, കെ. എസ്. ചിത്ര, വൈക്കം വിജയലക്ഷ്മി, ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.