ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന സംയുക്ത മേനോനും അപർണ ബാലമുരളിയും ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. ചെറിയ സിനിമകളിലൂടെ വളർന്ന് സിനിമാ പ്രേമികളുടെ മനസിൽ വലിയ സ്ഥാനം ഉറപ്പിച്ചവരാണ് ഇരുവരും. കൊവിഡ് കാലമായതിനാൽ പരിമിതപ്പെടുത്തിയുള്ള പിറന്നാൾ ആഘോഷങ്ങളായിരിക്കും സംഘടിപ്പിക്കുക. ഫോട്ടോ ഷൂട്ടുകളിലൂടെയും മറ്റും ഇരുവരും സമൂഹ മാദ്ധ്യമങ്ങളിൽ നിറസാന്നിദ്ധ്യമാണ്. ഗായിക കൂടിയായ അപർണ സൂര്യയ്ക്കൊപ്പം സുരറൈ പോട്ര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ്.
സംയുക്ത മേനോൻ
തീവണ്ടിയെന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നായികയാണ് സംയുക്താമേനോൻ. പാലക്കാട്ടുകാരിയായ സംയുക്ത മേനോൻ എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ പോപ്‌കോൺ എന്ന ചിത്രത്തിലേക്ക് എത്തിയ താരം
2018ൽ പുറത്തിറങ്ങിയ തീവണ്ടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രവും ഏറെ പ്രശംസ പിടിച്ചുപറ്റി. പെണ്ണിന്റെ സഹന ശക്തിയെ കുറിച്ച് പറയുന്ന ചിത്രത്തിൽ ഒരു ഗർഭിണിയായിട്ടാണ് സംയുക്ത അഭിനയിച്ചത്. പ്രസവിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരു യുവതിയെ ചിലർ തട്ടിക്കൊണ്ടു പോകുന്നതും അവിടന്ന് രക്ഷപ്പെടുന്നതിനായി യുവതി നടത്തുന്ന പോരാട്ടവുമാണ് ചിത്രം അവതരിപ്പിച്ചത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥയിലും താരം ശ്രദ്ധ നേടി.
ചിത്രങ്ങൾ
(വർഷം, ചിത്രം, കഥാപാത്രം)
2015 - പോപ്കോൺ - സഹനടി
2018 - തീവണ്ടി - ദേവിക
2018 - ലില്ലി - ലില്ലി
2019 - ഒരു യമണ്ടൻ പ്രേമകഥ - ജസ്ന
അപർണ ബാലമുരളി
കെ.പി ബാലമുരളി - ശോഭ എന്നിവരുടെ മകളായി തൃശ്ശൂരിൽ ജനിച്ച അപർണയുടെ സിനിമാ സ്വപ്നം പൂവണിയുന്നത് ജെക്സൺ ആന്റണി സംവിധാനം ചെയ്ത ഒരു സെക്കന്റ് ക്ലാസ്സ് യാത്ര എന്ന ചിത്രത്തിലൂടെയാണ്. അതിനു മുൻപ് യാത്ര തുടരുന്നു എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചു. ചിത്രത്തിൽ അപർണ അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ചുരുങ്ങിയ കാലയളവിൽ പത്തോളം സിനിമകളിൽ അഭിനയിച്ച അപർണ ഇതുവരെ അഞ്ച് സിനിമകളിലും പാടിയിട്ടുണ്ട്. ഒരു മുത്തശ്ശി ഗദ, സർവ്വോപരി പാലാക്കാരൻ, തൃശ്ശിവപേരൂർ ക്ലിപ്തം, സൺഡേ ഹോളിഡേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ച അപർണയുടെ കരിയറിൽ സൂര്യയ്ക്കൊപ്പം അഭിനയിക്കുന്ന സുരറൈ പോട്ര് വലിയ വഴിത്തിരിവാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പാട്ടും അഭിനയവും ഒരു പോലെ ഇഷ്ടപ്പെടുന്ന അപർണ ബാലമുരളിയുടെ മാതാപിതാക്കളും പാട്ടുകാരണ്.
പ്രധാന മലയാള ചിത്രങ്ങൾ:
(വർഷം, ചിത്രം, കഥാപാത്രം)
2015 - ഒരു സെക്കന്റ് ക്ലാസ് യാത്ര - അമൃത ഉണ്ണിക്കൃഷ്ണൻ
2016 - മഹേഷിന്റെ പ്രതികാരം - ജിംസി അഗസ്റ്റിൻ
2016 - ഒര മുത്തശ്ശി ഗദ - ആലീസ്
2016 - സർവോപരി പാലാക്കാരൻ - അനുപമ നീലകണ്ഠൻ
2016 - തൃശിവപേരൂർ ക്ളിപ്തം - ഭഗീരഥി
2017 - സൺഡേ ഹോളിഡേ - അനു
പാടിയ ഗാനങ്ങൾ
( വർഷം, ഗാനം, സിനിമ)
2016 - മൗനങ്ങൾ മിണ്ടുമൊരേ... - മഹേഷിന്റെ പ്രതികാരം
2016 - തെന്നൽ നിലാവിന്റെ ..- ഒരു മുത്തശ്ശി ഗദ
2016 - വിണ്ണിൽ തെളിയും മേഘമേ - പാ വ
2017 - മഴ പാടും - സൺഡേ ഹോളിഡേ