തിരുവനന്തപുരം: പതിവിനു വിപരീതമായി ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നത് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കു വഴിയൊരുക്കി.
'പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട്. തേരാളിയായ കൃഷ്ണൻ മുതൽ ദാർശനികനായ കൃഷ്ണൻ വരെയുമുണ്ട് ആ സങ്കല്പത്തിൽ. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെയും പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാൻ ഏവർക്കും കഴിയട്ടെ'- എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.
പിന്നാലെ, ഹിന്ദുത്വരാഷ്ട്രീയത്തെ മുഖ്യമന്ത്രി അംഗീകരിച്ചുവെന്ന വാദഗതിയുമായി ആർ.എസ്.എസ് അനുഭാവികൾ രംഗത്തെത്തി. ശ്രീകൃഷ്ണജയന്തിയെ ആർ.എസ്.എസ് സംഘടനയെ വളർത്താൻ പ്രചാരണായുധമാക്കുന്നുവെന്ന ആരോപണവുമായി കണ്ണൂരിൽ പി. ജയരാജൻ സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ, മതേതര ശ്രീകൃഷ്ണജയന്തി ആഘോഷം സംഘടിപ്പിച്ചത് വലിയ ചർച്ചയായിരുന്നു. ഏത് ആഘോഷത്തെയും വർഗീയവത്കരിക്കാനുള്ള ആർ.എസ്.എസ് അജൻഡയെ പ്രതിരോധിക്കുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രിയുടെ ആശംസയ്ക്ക് പിന്നിലെന്ന വ്യാഖ്യാനവുമുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന രാഷ്ട്രീയസ്റ്റണ്ടെന്ന ആക്ഷേപവും സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ ഉയരുന്നു.