ആറ്റിങ്ങൽ: പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി രാജഭരണകാലത്ത് സ്ഥാപിച്ച ആറ്റിങ്ങൽ ഗേൾസ് സ്കൂളിന്റെ ബഹുനില മന്ദിര നിർമ്മാണം സംബന്ധിച്ച് ആശങ്കകൾ ഒഴിയുന്നില്ല. നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നാണ് ആശങ്ക. സാങ്കേതിക പരിശോധനകൾ നടന്നെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. തുടർച്ചയായി മികവു പുലർത്തിയതിനാൽ മികവിന്റെ വിദ്യാലയമായി സർക്കാർ ഗേൾസ് ഹൈസ്കൂളിനെ തിരഞ്ഞെടുത്തിരുന്നു. തുടർന്നാണ് പുതിയ കെട്ടിടത്തിനായി ഫണ്ട് അനുവദിച്ചത്. സ്കൂളിലെ പ്രധാന കെട്ടിടത്തിന് പിറകിലായി നഗരസഭാ ഫണ്ട് ഉപയോഗിച്ച് ഒരു ചെറിയ കെട്ടിടം വർഷങ്ങൾക്കു മുൻപ് നിർമ്മിച്ചിരുന്നു. ഇതിനോട് ചേർന്ന് പൊതുമരാമത്ത്വകുപ്പ് 1.5 കോടി രൂപ വിനിയോഗിച്ച് ഒരു നില കെട്ടിടവും നിർമ്മിച്ചു. ഈ കെട്ടിടങ്ങളുടെ മുകളിലാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. പണികൾ ആരംഭിച്ച് ഒരു നില പൂർത്തിയായപ്പോഴാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് വിള്ളൽ ഉണ്ടായത്. ഇതു സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന നടന്നത്. മുകളിലേക്ക് നിലകൾ കെട്ടുന്നതിനുള്ള ബലം അടിത്തറയ്ക്കില്ലെന്നാണ് അന്ന് പരിശോധന നടത്തിയവർ സംശയം പ്രകടിപ്പിച്ചത്. തുടർന്ന് അധികൃതർ സ്ഥലത്തെത്തി കെട്ടിടം പരിശോധിച്ച് നിർമ്മാണം നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചു. കിഫ്ബി ആവശ്യപ്പെട്ട പ്രകാരം തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധരെക്കൊണ്ട് കെട്ടിടം പരിശോധിപ്പിക്കാൻ തിരുമാനിച്ചു. ഇതിനായി 12 ലക്ഷം രൂപ കൈമാറുകുയം ചെയ്തു. തുടർന്ന് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. ബിന്ദുവിന്റെ നേതൃത്വത്തിൽ പരിശോധനയും നടന്നു.നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ താഴത്തെ ഫ്ലോറിൽ കെട്ടിടത്തിന്റെ വലതു ഭാഗത്ത് വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് നാല് ക്ലാസ് മുറികൾ ഇവിടെ നിന്നു പഠനകാലത്ത് ഒഴിവാക്കിയിരുന്നു. കൊവിഡ് കാലമായതിനാൽ സ്കൂൾ തുറക്കാത്തതു കാരണമാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകാതിരുന്നത്.
സർക്കാർ നിയന്ത്രണത്തിലുള്ള കൈറ്റ് എന്ന സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല.ഇവരുടെ മേൽനോട്ടത്തിൽ മറ്റൊരു സ്വകാര്യ കമ്പനിയാണ് നിർമ്മാണം നടത്തുന്നത്.
പ്രതികരണം
സ്കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ട. വിദഗ്ദ്ധ സമിതി ബലം പരിശോധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബലക്ഷയമുണ്ടെങ്കിൽ അത് പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും.അഡ്വ. ബി. സത്യൻ എം.എൽ.എ
അനുവദിച്ചത് 3 കോടി
നിർമ്മാണം 2018 ജൂലായിൽ ആരംഭിച്ചു
2019 സെപ്തംബറിൽ പണി നിറുത്തിവച്ചു