കിളിമാനൂർ: ഓടകളുടെ ശുചീകരണം വാക്കുകളിൽ ഒതുങ്ങിയപ്പോൾ റോഡുകൾ തോടുകൾക്ക് സമം. സംസ്ഥാന പാതയും ദേശീയ പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ കിളിമാനൂർ മുതൽ പുതിയകാവ് വരെയുള്ള ഭാഗത്താണ് ഓടകളിലെ ജലം റോഡിലൂടെ പരന്നൊഴുകുന്നത്. മഴക്കാലത്ത് റോഡും തോടും തമ്മിൽ തിരിച്ചറിയാനാകാത്ത ബുദ്ധിമുട്ടിലാണ് യാത്രക്കാർ.
മഴക്കാല പൂർവ ശുചീകരണവും ഓട വൃത്തിയാക്കലും പതിവ് പോലെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയപ്പോൾ ഓടകളിൽ നിറയെ മാലിന്യമാണ്. ഇതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഒരുവശത്തുമാത്രം ഓടയുള്ള റോഡിലൂടെ മഴക്കാലത്ത് സഞ്ചരിക്കണമെങ്കിൽ വള്ളം വേണമെന്നാണ് യാത്രക്കാർ പറയുന്നത്. ഓടകളിലെ മാലിന്യം കലർന്ന ജലം മുട്ടോളം ഉയരത്തിലാണ് പരന്നൊഴുകുന്നത്. കൊവിഡ് കാലത്ത് പകർച്ചവ്യാധി ഭീഷണി വർദ്ധിക്കുന്നതിനും ഇത് കാരണമാകുന്നു. ഓടകൾ അടിയന്തരമായി ശുചീകരിക്കണമെന്നും ഭയമില്ലാതെ സഞ്ചരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
അവസ്ഥ ഇങ്ങനെ...
പൈപ്പ് ലൈനുകളും മറ്റു കേബിളുകളും ഓടയ്ക്ക് കുറുകെ കടന്നു പോകുന്നതിനാൽ ഒഴുകിവരുന്ന മാലിന്യങ്ങൾ ഇതിൽ തടയുന്നതും ഓടകൾ അടയുന്നതും പതിവാണ്. ഓടകൾക്ക് മുകളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ സ്ളാബുകൾ പൊട്ടുന്നതും മറ്റൊരു തലവേദനയാണ്. ഈ വിടവുകളിൽ കൂടിയാണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളടക്കം ഓടയിൽ നിക്ഷേപിക്കുന്നത്. സംസ്ഥാനപാതകൾക്കരികിലെ ഓടകൾ വൃത്തിയാക്കി നടപ്പാത നിർമ്മിച്ചത് പോലെ ഇടറോഡുകളിലും ഇവ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വേണ്ടത് ഇവയൊക്കെ...
ഓടകൾക്ക് മുകളിൽ വാഹന പാർക്കിംഗ് ഒഴിവാക്കണം
ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയണം
മാലിന്യ നിക്ഷേപകർക്കെതിരെ നടപടി സ്വീകരിക്കണം
മാലിന്യം ശേഖരിക്കാൻ സ്ഥിരം സംവിധാനം വേണം
പൊട്ടിപ്പൊളിഞ്ഞ ഓടകൾ പുനർനിർമ്മിക്കണം
റോഡിന്റെ ഇരുവശത്തും ഓടകൾ വേണം
മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാക്കണം
..............................
മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായി നടന്നിരുന്നെങ്കിൽ ഇപ്പോൾ ഈ അവസ്ഥയുണ്ടാകില്ലായിരുന്നു. വരും വർഷങ്ങളിൽ എങ്കിലും ശ്രദ്ധിക്കണം.
(ബാബുരാജ്, വ്യാപാരി )