തിരുവനന്തപുരം: മാവേലി സ്റ്റോറുകളുടെ നവീകരണത്തിന് 11 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് കോർപറേഷനാണ് സബർബൻമാൾ ആരംഭിച്ചത്. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്തേത്.
മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു. പിറവം നഗരസഭയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ, തോമസ് ചാഴികാടൻ എം.പി, നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്, എം.ജെ. ജേക്കബ്, വി.ജെ. പൗലോസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, സിവിൽ സപ്ലൈസ് മാനേജിംഗ് ഡയറക്ടർ അലി അസ്ഗർ പാഷ, തുടങ്ങിയവർ പങ്കെടുത്തു.