temple

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്നലെ കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് രാവിലെ നടന്ന ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. തിരുവമ്പാടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ തരണനെല്ലൂർ സജി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. തുടർന്ന് മിത്രാനന്ദപുരം കുളത്തിൽ മണ്ണുനീർ കോരൽ നടന്നു. പടിഞ്ഞാറെ നടയിലൂടെയാണ് മണ്ണുനീർ കോരൽ ചടങ്ങിനായി പോയത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ, മാനേജർ ബി. ശ്രീകുമാർ, രാജകുടുംബാംഗം ആദിത്യ വർമ്മ, ശ്രീകാര്യക്കാരൻ എസ്. നാരായണൻ തുടങ്ങിയവരും പങ്കെടുത്തു. പതിവിൽ നിന്ന് വ്യത്യസ്‌തമായി ദീപാരാധാനയ്ക്ക് ശേഷം ഉത്സവ ശീവേലി വാഹനങ്ങൾക്ക് പകരം വിഗ്രഹങ്ങൾ കീഴ്ശാന്തിമാർ ശിരസിൽ വച്ച് എഴുന്നള്ളിക്കുകയാണ് ചെയ്യുക. ഉത്സവ കാലത്ത് എല്ലാ ദിവസവും രാവിലെ 9.30 മുതൽ 11.15 വരെയും വൈകിട്ട് 5.30 മുതൽ 6 വരെയും മാത്രമേ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കൂ. 18ന് പടിഞ്ഞാറേനടയിൽ പള്ളിവേട്ടയും 19ന് ശംഖുംമുഖത്തിന് പകരം പദ്മതീർത്ഥത്തിൽ ആറാട്ടും നടത്തും. കൂട്ടാറാട്ടുകാർക്കായി പദ്മതീ‌ർത്ഥത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലുള്ള കൽമണ്ഡപങ്ങളിൽ പ്രത്യേകം സ്ഥാനം നിർണയിക്കും. ആറാട്ടിന് ആന ഉണ്ടാവില്ല. വിഗ്രഹങ്ങൾ ശാന്തിക്കാർ തലയിലേറ്രും. ഉത്സവ ദിവസങ്ങളിൽ ശീവേലി വൈകിട്ട് നാലിനും രാത്രി എട്ടിനുമാണ് നടക്കുക. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ 50ൽ താഴെ പേരെ മാത്രമേ ആറാട്ട് ചടങ്ങുകളിൽ പങ്കെടുപ്പിക്കൂ. ഭക്തജനങ്ങൾക്ക് ഉത്സവ ചടങ്ങുകളിൽ പ്രവേശനമുണ്ടാവില്ല.