1
വേളി ടൂറിസം വില്ലേജിൽ സ്ഥാപിച്ച മിനിയേച്ചർ ട്രെയിൻ

തിരുവനന്തപുരം:ചൂളം വിളിച്ച് കൂകിപ്പായുന്ന ആവി എൻജിൻ കാണണമെന്നാഗ്രഹിക്കുന്നവർ വേളിയിലെത്തിയാൽ മതി. ആവിപ്പുക ഉയരുന്ന എൻജിന് പിന്നിലെ വെള്ള ചായം പൂശിയ ബോഗികളിലിരുന്ന് ടണലും റെയിൽവേ പാലവും കടന്ന് യാത്രചെയ്യാം.ഗൃഹാതുരത നിറഞ്ഞ യാത്ര പഴയ തലമുറയ്ക്കും കുട്ടികൾക്കും നവ്യാനുഭവമാകും. ടൂറിസം വകുപ്പ് 9 കോടി രൂപ വിനിയോഗിച്ച് വേളി ടൂറിസം വില്ലേജിൽ സ്ഥാപിച്ച മിനിയേച്ചർ ട്രെയിനിന്റെ ട്രയൽ റൺ കഴിഞ്ഞദിവസം വിജയകരമായി നടന്നു.

കൊവിഡ് കാലം കഴിഞ്ഞാൽ ട്രെയിൻ യാത്ര സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. മിനിയേച്ചർ റെയിൽവേ സംവിധാനത്തിൽ രണ്ട് കിലോമീറ്ററിലധികം ദൂരത്തിലുള്ള ട്രാക്കിലൂടെയാണ് മിനി ട്രെയിൻ ഒാടുക. സോളാറിൽ നിന്നും ചാർജ് ചെയ്യുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനും സൗരോർജത്തിൽ പ്രവർത്തിക്കുന്ന മിനിയേച്ചർ റെയിൽവേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളുമാണ് പരിസ്ഥിതി സൗഹൃദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്നത്. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്. സോളാറിൽ നിന്നും ലഭിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകാനും ഇതിലൂടെ പദ്ധതിയുണ്ട്. ട്രെയിനിന്റെ മുകൾ ഭാഗത്തും സോളാർ പാനലുകൾ സ്ഥാപിക്കുന്നതോടെ ഈ രീതിയിലുള്ള രാജ്യത്തെ തന്നെ ആദ്യ മിനിയേച്ചർ റെയിൽവേ സംവിധാനമായി മാറും. പഴയകാല ആവി എൻജിന്റെ മാതൃകയിൽ ട്രെയിനിൽ നിന്ന് കൃത്രിമമായി ആവി പറക്കും. പരമ്പരാഗത രീതിയിലുള്ള റെയിൽവേ സ്റ്റേഷനാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. ടണലും റെയിൽവേ പാലവും അടക്കം സജജീകരിക്കുന്നുണ്ട്. ഒരു മാസത്തിനകം അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകും. സംസ്ഥാനത്തെ ഏറ്റവും വലിയ ആഭ്യന്തര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നായ വേളിയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. അർബൻ പാർക്ക്, നാച്യുറൽ പാർക്ക്,സ് വിമ്മിംഗ് പൂൾ എന്നിവ ഇവിടെ ഒരുങ്ങുകയാണ്.20 ഏക്കർ സ്ഥലത്ത് കൺവെൻഷൻ സെന്റർ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ എന്നിവയുടെയും പണികൾ ആരംഭിച്ചിട്ടുണ്ട്. 50 കോടി രൂപയുടെ വൻ പദ്ധതിയാണ് വേളിയിൽ ടൂറിസം വകുപ്പ് നടപ്പാക്കുന്നത്.

ആകെ 50കോടിയുടെ പദ്ധതി

മിനിയേചർ ട്രെയിനിന് 9 കോടി

കൊവിഡ് കാലം കഴിഞ്ഞാലുടൻ ഒാടിത്തുടങ്ങും

സോളാർ പവറിലോടുന്ന ട്രെയിനും സ്റ്റേഷനും

ടണലും റെയിൽവേ പാലവും അടക്കമുള്ള ട്രാക്ക്

അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക്

രണ്ട് ബോഗികളിലുമായി ഒരേസമയം 50 പേർക്ക് സഞ്ചരിക്കാം

അർബൻ പാർക്ക്,നാച്യുറൽ പാർക്ക്,സ്വിമ്മിംഗ് പൂൾ എന്നിവ ഉണ്ടാകും

ഉപയോഗിക്കുന്നത് 20 ഏക്കർ

കൺവെൻഷൻ സെന്റർ,ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ നിർമ്മാണം ആരംഭിച്ചു

 നടപ്പാക്കുന്നത് ടൂറിസം വകുപ്പ്

പരിസ്ഥിതി സൗഹൃദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി

ട്രെയിൻ പരീക്ഷണ യാത്ര കാണാൻ മന്ത്രി ഇന്ന് എത്തും

സോളാർ മിനിയേച്ചർ ട്രെയിനിന്റെ ഭാഗികമായ യാത്ര കാണാൻ ഇന്ന് രാവിലെ 11 .30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ടൂറിസം സെക്രട്ടറി റാണി ജോർജും എത്തും. തുടർന്ന് ടൂറിസ്റ്റ് വില്ലേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തും.