mahedevar-temple

പാറശാല: കടപുഴകിയ ആൽമരത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാത്തത് ക്ഷേത്രത്തിനും നാട്ടുകാരായ ക്ഷേത്ര വിശ്വാസികൾക്കും ഭീഷണിയാകുന്നു. പാറശാല ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നടപന്തലിന് സമീപത്തായി നിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ ആൽമരമാണ് കഴിഞ്ഞ മേയ് അഞ്ചിന് ശക്തമായ കാറ്റിൽ കടപുഴകിയത്. ക്ഷേത്ര കോമ്പൗണ്ടിന്റെ ചുറ്റുമതിലും തകർത്ത് മറിഞ്ഞുവീണ ആൽമരത്തിന്റെ തടിയും ശിഖരങ്ങളും പിന്നീട് ദേവസ്വം അധികൃതർ വെട്ടിമാറ്റി മതിൽ പുനർ നിർമ്മിച്ചു. എങ്കിലും മരം ലേലം ചെയ്ത് വിൽക്കുന്നതിനോ പരിസരം വൃത്തിയാക്കുന്നതിനോ ഇതുവരെയും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. അതുകാരണം കോമ്പൗണ്ടിൽ തടികൾ കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളിൽ കാട് പിടിച്ച് വൃത്തിഹീനമായ നിലയിലുമാണ് ഇപ്പോൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സബ്ഗ്രൂപ് ഓഫീസ് പ്രവർത്തിച്ച് വരുന്നതും പാറശാലയിലെ പ്രധാന മേജർ ക്ഷേത്രവുമായ പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ മുന്നിലാണ് ദേവസ്വം അധികാരികളുടെ അനാസ്ഥ. നാട്ടുകാർക്കും വിശ്വാസികൾക്കും ഭീഷണിയായി തീർന്നിട്ടുള്ള മരത്തിന്റെ അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് തന്നെ കോമ്പൗണ്ടിൽ നിന്നു മാറ്റുന്നതിനായി ദേവസ്വം അധികാരികളുടെ നടപടി ഉണ്ടാവണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.