തിരുവനന്തപുരം :സർക്കാർ രഹസ്യങ്ങൾ ചോർത്തിക്കോളൂ എന്നുപറയുന്ന ഒരുകൂട്ടം നേതാക്കന്മാർ രംഗത്തിറങ്ങിയിരിക്കുകയാണെന്നും പാലിക്കേണ്ടവ പാലിക്കേണ്ടതില്ലെന്ന നിർദ്ദേശത്തോടെ ജീവനക്കാരെ വഞ്ചകരാക്കി മാറ്റാനാണ് അവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് പദ്ധതിക്കായി എൻ.ജി.ഒ യൂണിയൻ മണ്ണന്തലയിൽ നിർമ്മിച്ച ഭവനസമുച്ചയം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രതിബദ്ധതയോടെ നല്ല ഇടപെടലാണ് എൻ.ജി.ഒ യൂണിയൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കൾക്കുള്ള താക്കോൽ കൈമാറ്റം മന്ത്രി കടകംപള്ളി സുരേന്ദ്രനും, ഓരോ കുടുംബത്തിനും നൽകിയ തയ്യൽ മെഷീൻ വിതരണം വി.കെ. പ്രശാന്ത് എം.എൽ.എയും നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.സി. മൊയ്തീൻ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആനാവൂർ നാഗപ്പൻ, രമേശൻ പാലേരി, കെ.വി. മനോജ്കുമാർ, വാർഡ് കൗൺസിലർ എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി സ്വാഗതവും ട്രഷറർ എൻ. നിമൽരാജ് നന്ദിയും പറഞ്ഞു.