വിതുര: കുപ്രസിദ്ധ ഗുണ്ട കൊടി സുനിയുടെ കൂട്ടാളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കാക്ക രഞ്ജിത്തും സംഘവും അറസ്റ്റിൽ. കല്ലാറിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാൾ വിതുര പൊലീസിന്റെ പിടിയിലായത്. കുഴൽപ്പണം, പിടിച്ചുപറി, സ്വർണക്കടത്ത്, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണംതട്ടിയെടുക്കൽ, രേഖകളില്ലാതെ കടത്തിയ സ്വർണം തട്ടിയെടുത്ത സംഭവം, കള്ളക്കടത്ത് സ്വർണം കടത്തിക്കൊണ്ടുപോയ ഏജന്റിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച സംഭവം തുടങ്ങി നിരവധി കേസുകളിൽ കാക്ക രഞ്ജിത്ത് പ്രതിയാണ്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള പ്രതി വിവിധയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കോഴിക്കോട് ഡി.സി.പിയിൽ നിന്നും ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സ്വകാര്യ റിസോർട്ടിൽ നിന്നും കാക്ക രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയോടൊപ്പം ഒരു സ്ത്രീയും സ്ഥലത്തുണ്ടായിരുന്നു. തുടർന്നുള്ള വാഹന പരിശോധനയിലാണ് ഇയാൾക്ക് അകമ്പടി സേവിച്ച ഗുണ്ടാസംഘത്തെ മാരകായുധങ്ങളുമായി അറസ്റ്റുചെയ്‌തത്. കോഴിക്കോട് വളയനാട് കിണാശേരി പീടിയേക്കൽ ഹൗസിൽ ഫൈജാസ് (28), കോഴിക്കോട് ഒളവണ്ണ പന്തീരങ്കാവ് പൂളേക്കര നിജാസ് (35), കോഴിക്കോട് പെരുവയൽ കൊളാപറമ്പ് കൊടശേരിത്തായം മാക്കോത്തിൽ രജീഷ് (33), കോഴിക്കോട് വളയനാട് കിണാശേരി കാവുങ്ങൽ ഹൗസിൽ മനോജ് (27) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് സംഘങ്ങളിൽ നിന്നും വധഭീഷണിയുള്ളതിനാലാണ് ഗുണ്ടാസംഘങ്ങളുമായി സഞ്ചരിക്കുന്നതെന്നാണ് കാക്ക രഞ്ജിത്ത് പൊലീസിനോട് പറഞ്ഞത്. വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, സി.പി.ഒമാരായ നിതിൻ, ഹാഷിം, രതീഷ്, രജിത്, ലിജൂഷാൻ, പ്രദീപ്, ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സുനിൽലാൽ, ഷിബുകുമാർ, നെവിൽ, സജു എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റുചെയ്‌തത്. ഗുണ്ടാസംഘം സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോഴിക്കോട് പൊലീസിന് കൈമാറി.