തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ നടന്ന വി കെയർ ഗുണഭോക്തൃ കുടുംബ സംഗമം,ഗുരുതര രോഗം ബാധിച്ച് ജീവിതം കൈവിട്ടു പോയിടത്തുനിന്ന് പുതുജീവിതത്തിലേക്ക് വന്നവരുടെ കൂടിച്ചേരലായി. വി കെയർ പദ്ധതിയിലൂടെ ശസ്ത്രക്രിയയടക്കമുള്ള ചികിത്സ നടത്തിയവരിൽ നിന്ന് ഇരുനൂറോളം പേരെയാണ് ഇന്നലെ നടന്ന സംഗമത്തിൽ ഉൾപ്പെടുത്തിയത്. കരൾ,വൃക്ക,മജ്ജ മാറ്റിവയ്ക്കൽ അടക്കമുള്ള ഗുരുതര ശസ്ത്രക്രിയകളിലൂടെ സുഖം പ്രാപിച്ചവരാണവർ.

അവരുടെ ആരോഗ്യസ്ഥിതിയും തുടർ ചികിത്സാനുഭവങ്ങളും നിർദേശങ്ങളും ഓൺലൈനായി മന്ത്രി കെ.കെ.ശൈലജയുമായി പങ്കുവച്ചു. ആയിരത്തിലധികം പേർക്കാണ് പദ്ധതിയിലൂടെ ചികിത്സാസഹായം നൽകിയതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ വിഹിതത്തിനൊപ്പം സുമനസുകളുടെ സഹായവും തുണയായി. സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ ,കെ.എസ്.എസ്.എം റീജിയണൽ ഡയറക്ടർ ഡോ. ഡയാന സി.ജി.,ഡോ.സുബി,വി കെയർ പദ്ധതിയിലെ ജീവനക്കാർ,വയോമിത്രം കോ ഒാർഡിനേറ്റർമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.