നെടുമ്പാശേരി: സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി വിദേശ രാജ്യങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നത് വ്യാപകമായി. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്പെഷ്യൽ വിമാന സർവീസുകൾ മാത്രം നടക്കുമ്പോഴും ഇത്രയേറെ കേസുകൾ പിടികൂടുന്നത് ലഹരി കടത്തിന്റെ വ്യാപനമാണ് വ്യക്തമാക്കുന്നത്.
കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് നാർകോട്ടിക് ബ്യൂറോ നൽകുന്ന സൂചന. അഞ്ച് കിലോഗ്രാം കഞ്ചാവ് ഷാർജയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് വിഭാഗത്തിന്റെ പിടിയിലായിരുന്നു. ലഹരി കടത്ത് മാഫിയ തമിഴ്‌നാട്ടിൽ നിന്നാണ് ഇതിനായുള്ള കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. തമിഴ്‌നാട്ടിലും കഞ്ചാവ് ശേഖരിച്ച് നൽകാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. വിദേശത്ത് ജോലിയും വിമാന ടിക്കറ്റും സൗജന്യമായി വാഗ്ദാനം ചെയ്താണ് വിദേശത്തേയ്ക്ക് കഞ്ചാവ് എത്തിക്കുന്നതിനുള്ള കരിയർമാരെ കണ്ടെത്തുന്നത്. തങ്ങളുടെ കൈവശം കഞ്ചാവ് തന്നയക്കുന്നുണ്ടെന്ന് പോലും പലർക്കും അറിയാനുമാവില്ല.
പ്രത്യേകമായി പായ്ക്ക് ചെയ്ത് ചിപ്‌സ് ആണെന്ന വ്യാജേനയാണ് ഇത് ബാഗേജിൽ ഒളിപ്പിക്കുന്നത്. വിമാനത്താവളങ്ങളിൽ പിടിക്കപ്പെടുമ്പോഴാണ് തങ്ങൾ കെണിയിൽ അകപ്പെട്ട വിവരം പലരും അറിയുന്നത്. എന്നാൽ മറ്റ് ചിലരെ കാര്യങ്ങൾ പറഞ്ഞ് തന്നെ കരിയർമാരായി നിയോഗിക്കുന്നുണ്ട്. ഇത്തരക്കാർക്ക് ടിക്കറ്റും ജോലിയും തരപ്പെടുത്തി നൽകുന്നതിന് പുറമെ പണവും നൽകും. വിദേശത്തേയ്ക്ക് കടത്തുന്ന ലഹരി വസ്തുക്കൾ വിൽപന നടത്തി ലഭിക്കുന്ന തുകയ്ക്ക് സ്വർണം വാങ്ങി കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ലഹരി വസ്തുക്കൾ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ പിടിക്കപ്പെട്ടാൽ വലിയ ശിക്ഷയാണ് ലഭിക്കുക.
കരിയർമരായി രംഗത്ത് വരുന്ന പലരും ഇതിന്റെ ഗൗരവം ശരിയായി മനസ്സിലാക്കാതെയാണ് ഇതിനായി തയ്യാറാകുന്നത്. അറിഞ്ഞും അറിയാതെയും ലഹരി കടത്ത് സംഘത്തിൽ കണ്ണികളായ നിരവധി പേരാണ് വിവിധ ഗൾഫ് നാടുകളിലെ ജയിലുകളിൽ കഴിയുന്നത്.